ഇന്നലെയാണ് നടി ഷംനാ കാസിം തന്റെ ആദ്യ കണ്‍മണിയ്ക്ക് ജന്മം കൊടുത്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആ വാര്‍ത്ത പുറംലോകം അറിയുകയും ചെയ്തു. ഇപ്പോഴിതാ, കഴിഞ്ഞ വര്‍ഷം വിവാഹിതരായ നടി ചിന്നു കുരുവിളയ്ക്കും നടന്‍ ഹരീഷ് ഉത്തമനും തങ്ങള്‍ക്ക് കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്തയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിന്നു ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന നൂലുകെട്ട് ചടങ്ങിലും പേരിടലിനും ശേഷമാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മകന് ധയ എന്നാണ് ഹരീഷും ചിന്നുവും പേരു നല്‍കിയിരിക്കുന്നത്. മകനെ പരിചയപ്പെടുത്തി കൊണ്ട് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തെന്നിന്ത്യയിലെ പ്രശസ്ത നടനാണ് ഹരീഷ് ഉത്തമന്‍. സൂര്യ പ്രഭാകരന്‍ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയില്‍ നായകനായിക്കൊണ്ടായിരുന്നു ഹരീഷ് ഉത്തമന്റെ തുടക്കം. ആ വര്‍ഷം തന്നെ ഗൌരവം എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. 2011 -ല്‍ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് ഹരീഷ് ഉത്തമന്‍ മലയാളത്തിലെത്തുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ഹരീഷ് ശ്രദ്ധ നേടിയത്. പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്. മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ഭീഷ്മ പര്‍വം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തില്‍ ജനിച്ച ഹരീഷ് പഠനത്തിനുശേഷം ഹരീഷ് ഉത്തമന്‍ പാരമൗണ്ട് എയര്‍വേയ്സില്‍ കാബിന്‍ക്രുവായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ആ ജോലി വിട്ട് ഒരു കോമേഴ്സല്‍ കമ്പനിയില്‍ ജോലിയ്ക്ക് കയറി. അവിടെ വര്‍ക്ക് ചെയ്യുന്നതിനിടയില്‍ പരിചയപ്പെട്ട തമിഴ് സിനിമാസംവിധായകന്‍ സൂര്യ പ്രഭാകരനാണ് ഹരീഷിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമൊരുക്കിയത്.
നത്തോലിഒരു ചെറിയ മീനല്ല എന്ന സിനിമല്‍ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയില്‍ എത്തുന്നത്. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളില്‍ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമണ്‍ ആയും ചലച്ചിത്ര രംഗത്ത് ചിന്നു സജീവമാണ്. ഞാന്‍ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. പ്രശസ്ത ഛായാഗ്രാഹകന്‍ മനോജ് പിള്ളയുടെ സഹായി കൂടിയാണ്. മാമാങ്കം ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.