നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവച്ചത്.
വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നു ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഭാഗ്യലക്ഷ്മി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ഇപ്പോള്‍ തന്റെ അസുഖം ഭേദമായി എന്ന് പറഞ്ഞു കൊണ്ടുള്ള പുതിയൊരു വീഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു.
തന്റെ അസുഖത്തെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കി എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ''കേരളം മുഴുവന്‍ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനൊരു പോസ്റ്റ് ഇട്ടത്.'അതിനെ 'അയ്യോ ആര്‍ക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ' എന്ന് പറഞ്ഞ് ചിലര്‍ വാര്‍ത്തയാക്കി. എനിക്കിപ്പോ അസുഖം ഒന്നുമില്ല. മാറി. കുളിച്ചു. ആളുകള്‍ക്ക് ഒരു അവബോധം എന്ന് ഉണ്ടാക്കാന്‍ വേണ്ടി ഇട്ടത്'' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
കഴിഞ്ഞ ദിവസം നടി രചന നാരായണന്‍കുട്ടി ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരമായിരുന്നു തന്റെ രോഗാവസ്ഥ എന്ന് രചന ആരാധകരെ ആശുപത്രി കിടക്കയില്‍നിന്നുള്ള ചിത്രം പങ്കുവച്ച് അറിയിച്ചിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്നലെ രചന മടങ്ങി. രോഗവിവരം അന്വേഷിച്ചവരോടും പ്രാര്‍ത്ഥിച്ചവരോടും രചന നന്ദി അറിയിച്ചു.