രജനികാന്തിനെ തലൈവര്‍ എന്ന് വിശേഷിപ്പിക്കുന്നവരെ കൊല്ലുകയാണ് വേണ്ടതെന്ന് സംവിധായകന്‍ സീമന്‍. സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമായിരുന്നു സീമന്റെ പ്രസ്താവന. രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ കൊല്ലണമെന്നും സീമന്‍. ''സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല.
രജനികാന്ത് നേതാവാണെങ്കില്‍, പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്‌സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്‍ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് പിന്നാലെ പോകുന്നത്'' സീമന്‍ പറഞ്ഞു.
രജനികാന്ത് എന്ന പേരിനു പകരം ആളുകള്‍ അദ്ദേഹത്തെ തലൈവര്‍ എന്നു പറഞ്ഞാണ് സംസാരിക്കുന്നത്. താരങ്ങളും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പൊതുവേദിയിലും അഭിമുഖങ്ങളിലുമെല്ലാം അദ്ദേഹത്തെ തലൈവര്‍ എന്നാണ് എല്ലാവരും പറയുന്നത്. സ്‌ക്രീനിലെ അഭിനയം കൊണ്ട് ആസ്വാദകരെ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ നല്ല നേതാക്കന്മാര്‍ ആകണമെന്നില്ല. ജനങ്ങളുടെ സന്തോഷത്തിനായി സ്വന്തം സന്തോഷം ത്യജിക്കുന്നവരാണ് യഥാര്‍ഥ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മുമ്പും തമിഴിലെ മുന്‍നിര താരങ്ങള്‍ക്കെതിരെ സീമാന്‍ രംഗത്തെത്തിയിരുന്നു. വിജയ്, അജിത്ത് എന്നിവരും സീമന്റെ വിമര്‍ശനത്തിന് ഇരയായവരാണ്.