ഇന്നലെയായിരുന്നു നടന്‍ ദുല്‍ഖറിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യനും താരത്തിന് പിറന്നാള്‍ ആശംസിച്ച് എത്തിയിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അനൂപ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഷൂട്ടിങ് ക്ലിപുകള്‍ക്കൊപ്പമാണ് അനൂപ് സത്യന്റെ ആശംസ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെക്കുറിച്ചും അനൂപ് രസകരമായി വിവരിക്കുന്നുണ്ട്. നഴ്‌സറി മുതല്‍ എം.എസ്.സി വരെ ഒരേ ക്ലാസില്‍ ഒരുമിച്ചു പഠിച്ച തന്റെ ഇരട്ടസഹോദരന്‍ അഖിലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചാണ് അനൂപ് സത്യന്‍ തന്റെ ലഘുകുറിപ്പ് ആരംഭിക്കുന്നത്. അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. നഴ്‌സറി മുതല്‍ എം.എസ്.സി വരെ ഒരേ ക്ലാസില്‍ പഠിച്ച്, വര്‍ഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് പരസ്പരം സഹിക്കാന്‍ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപിടി കൂടാന്‍ തുടങ്ങി. കയ്യില്‍കിട്ടിയ കസേര വച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി. ഞങ്ങള്‍ തമ്മിലുള്ള ഈ വഴക്ക് കാണാന്‍ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണര്‍ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവര്‍ക്കു ഞങ്ങളെ പരിചയപ്പെടുത്തി. 'ഞാന്‍ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവര്‍'. അതോടെ പരസ്പരം ദേഹത്തു കൈവച്ചുള്ള വഴക്ക് ഞാന്‍ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണല്‍ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു
ഈ വര്‍ഷം അത്തരത്തില്‍ ഇമോഷണല്‍ വഴക്ക് നടന്നത് ദുല്‍ഖറിന്റെ അടുത്താണ്. ആദ്യമായി ഞാന്‍ സംവിധായകനായും ദുല്‍ഖര്‍ നിര്‍മാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത്. ഞങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാല്‍ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളായി ഞാന്‍ ആള്‍ക്കു വോട്ടു ചെയ്യും. സത്യം പറഞ്ഞാല്‍, ദുല്‍ഖര്‍ ശരിക്കും അങ്ങനെ തന്നെയാണ്,അനൂപ് സത്യന്‍ കുറിച്ചു. എന്നും ഇതുപോലെ സുന്ദരമായി ജീവിക്കണമെന്നും സിനിമ പോലെ ജീവിതവും സൂപ്പര്‍ഹിറ്റാകട്ടെ എന്നും ആശംസിച്ചാണ് അനൂപ് സത്യന്റെ ജന്മദിന കുറിപ്പ് അവസാനിക്കുന്നത്.