ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് സാമ്പത്തിക തട്ടിപ്പുകള്‍ സജീവമെന്ന് കണ്ടെത്തല്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും; റിവ്യു എന്ന പേരിലുള്ള ബോഡി ഷെയിമിങും ആക്ഷേപങ്ങളും വ്യക്തിഹത്യയും കണ്ടില്ലെന്ന് നടിക്കാനാവില്ല; നടപടികളുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍

Malayalilife
ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് സാമ്പത്തിക തട്ടിപ്പുകള്‍ സജീവമെന്ന് കണ്ടെത്തല്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കും; റിവ്യു എന്ന പേരിലുള്ള ബോഡി ഷെയിമിങും ആക്ഷേപങ്ങളും വ്യക്തിഹത്യയും കണ്ടില്ലെന്ന് നടിക്കാനാവില്ല; നടപടികളുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍

ഫെഫ്ക നേതൃത്വവും, അംഗസംഘടനകളായ ഫെഫ്ക ഡയറക്റ്റേഴ്‌സ് യൂണിയന്‍, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ്സ് യൂണിയന്‍, ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനം. ചര്‍ച്ചയില്‍ ഫെഫ്കയില്‍ അംഗത്വമില്ലാത്ത ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കോഡിനേറ്റേഴ്‌സും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍-ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തെളിവു സഹിതം ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തി.

അതിന്റെയെല്ലാം വെളിച്ചത്തില്‍, ഫെഫ്കയില്‍ അംഗത്വമുള്ള പി ആര്‍ ഒ:മാര്‍ക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ട മാര്‍ക്കറ്റിങ്ങ് ഏജന്‍സികളുടേയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫെഫ്കയെ അറിയിച്ചു. ആ പട്ടികയില്‍ ഉള്ളവരുമായി ചേര്‍ന്ന് വേണം പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം ഫെഫ്കയും, അംഗസംഘടനകളും അംഗീകരിച്ചു. ആ യോഗത്തില്‍വെച്ച്, ആദ്യപ്രദര്‍ശനം കഴിഞ്ഞുള്ള തീയറ്റര്‍ റിവ്യൂകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്, ഡിജിറ്റല്‍-ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. 

നിര്‍മ്മാതാക്കള്‍ അതിനകം ആ വിഷയം ഫിലിം ചേമ്പറിന്റെ യോഗത്തില്‍ ഉന്നയിക്കുകയും അത്തരം തീയറ്റര്‍ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനകളുമായി ചേര്‍ന്ന് തിരുമാനമെടുക്കുകയും ചെയ്ത വിവരം യോഗത്തെ അറിയിച്ചു.

സിനിമ റിവ്യുകള്‍ക്ക് വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, റിവ്യു എന്ന പേരില്‍ ബോഡി ഷെയിമിങ് നടത്തുക, ജാതിയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിര്രെടുത്തുക, തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാന്‍ ഇനി സാധിക്കില്ലെന്നും അങ്ങനെയുള്ളസന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡുസേഴ്‌സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തിരുമാനിച്ചു. 

കൂടാതെ, പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന കേസില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫെഫ്കയ്ക്കുള്ള നിലപാടും ഐക്യദാര്‍ഡ്യവും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

digital marketing accreditation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES