വ്യത്യസ്തമായ വേഷപകർച്ചകളിലൂടെ നമ്മളെ ഏറെ രസിപ്പിക്കുന്ന കോമഡി താരമാണ് ധർമ്മജൻ എന്ന ധർമ്മജൻ ബോൾഗാട്ടി. വിവിധ ചിത്രങ്ങളിൽ കള്ളനും ഉടായിപ്പുമായ രാഷ്ട്രീയക്കാരനുമായി നമ്മളെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്.അതിൽ പലതും നിത്യ ജീവത്തത്തോടെ ഏറെ അടുത്ത് നിൽക്കുന്നവയുമാണ്. എന്നാൽ തന്റെ രാഷ്ട്രീയവും കാഴ്ചപാടുകളും നിലപാടുകളും എന്താണെന്ന് വ്യക്തമാക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി.
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാൻ ഒരു കോൺഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാർട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയിൽ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എംഎൽഎയാണ്. അയാൾ നിയോജകമണ്ഡലത്തിൽ ഒരു പിടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എംപി. എന്ന നിലയിൽ പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഞാൻ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകൾക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്. എംഎൽഎമാർ സ്ഥാനാർത്ഥികളാവുമ്പോൾ അതിൽ ആരെങ്കിലും വിജയിച്ചുവന്നാൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയിൽ നിന്നു പോകും?
നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകൾക്ക് പണം വകമാറ്റുന്നത്. കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളും അതിൽ കോൺഗ്രസാവട്ടെ, സിപിഎമ്മാവട്ടെ, ബിജെപിയാവട്ടെ ഇവരിൽ ആര് മൽസരിച്ചാലും തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ കൈയിൽ നിന്നാണ്.
കൂടാതെ, ജാതി-മത വേർതിരിവുകൾ സ്ഥാനാർത്ഥി നിർണയത്തിൽവരുന്നത് സങ്കടകരമാണ്. ഒരു കാലഘട്ടത്തിലും ജാതിയോ, മതമേലധ്യക്ഷന്മാരോ അല്ലായിരിക്കണം സ്ഥാനാർത്ഥികളെയോ, ആർക്ക് വോട്ടു ചെയ്യണമെന്നോ നിശ്ചയിക്കേണ്ടത്. ജനങ്ങളെ നയിക്കേണ്ടവർ ജനങ്ങൾ ആഗ്രഹിക്കുന്നവരാകണം. ഒരു ജാതിയുടെയോ മതമേലധ്യക്ഷന്മാരുടെയോ വാക്കുകൾ കേട്ട് വോട്ട് ചെയ്യരുതെന്നാണ് എന്റെ അഭ്യർത്ഥന. അങ്ങനെ ചെയ്താൽ അത് ജനസമൂഹത്തോട് ചെയ്യുന്ന കുറ്റമാവും. ഞാനും ഒരു വോട്ടറാണ്. ഇത്തവണയും ഞാൻ ചെയ്യുന്നത് ജനങ്ങൾക്കുവേണ്ടിയും എനിക്കുവേണ്ടിയുമുള്ള വോട്ടായിരിക്കും