ടൊവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.കെ. ജാനു. ചിത്രം മുത്തങ്ങ സംഭവത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും, യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരുക്കിയ ചിത്രത്തില്‍, മുത്തങ്ങ സമരത്തില്‍ പോലീസ് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതായാണ് കാണിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് പോലീസില്‍ നിന്ന് മൃഗീയമായ പെരുമാറ്റമാണ് നേരിട്ടതെന്നും സി.കെ. ജാനു വ്യക്തമാക്കി.
'മനുഷ്യരെ മൃ?ഗങ്ങളെപ്പോലെ കടിച്ചുകീറാന്‍ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഏഴുപേരെ പോലീസ് ചുട്ടുകൊല്ലുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയൊരു സംഭവം മുത്തങ്ങയില്‍ ഉണ്ടായിട്ടില്ലെന്നും, ഇത് സമരത്തെ തെറ്റായി ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണെന്നും സി.കെ. ജാനു ആരോപിച്ചു. ആദിവാസികള്‍ നടത്തിയ ഒരു സമരത്തെ തങ്ങള്‍ക്ക് തോന്നിയതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ല. സത്യം തുറന്നുകാണിക്കാന്‍ ധൈര്യമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള മര്യാദ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നേരത്തെ, മുത്തങ്ങ സംഭവത്തെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ പരാമര്‍ശത്തോടും സി.കെ. ജാനു പ്രതികരിച്ചിരുന്നു. മുത്തങ്ങയില്‍ നടന്നത് തെറ്റായ നടപടിയാണെന്ന ആന്റണിയുടെ തിരിച്ചറിവില്‍ സന്തോഷമുണ്ടെങ്കിലും, അതിനോടൊപ്പം ഭൂപ്രശ്‌നത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടലും ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഖേദപ്രകടനം അന്നത്തെ ക്രൂരമായ പീഡനങ്ങളുടെ മുറിവുണക്കില്ലെന്നും, അന്നത്തെ പോലീസ് അതിക്രമങ്ങള്‍ കടുത്തതായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.