ചാള മേരി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മോളി കണ്ണമാലി. പ്രായമോ രൂപമോ പിന്നും നോക്കാതെ മലയാളികള്‍ സ്‌നേഹിക്കുകയായിരുന്നു മോളിയെ. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. നിലവില്‍ അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മോളി. സിനിമാ താരങ്ങളടക്കം പലരും മോളി കണ്ണമാലിയ്ക്ക് പ്രാര്‍ഥനയുമായി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ താരം ബിനീഷ് ബാസ്റ്റിന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ പോയി മോളിയെ കണ്ടതിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിനീഷ്. ഫേസ്ബുക്കിലൂടെ ബിനീഷ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. വാക്കുകള്‍ ഇങ്ങനെ ' 'മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ചേച്ചി ഐസിയുവില്‍ തന്നെയാണ്. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. എല്ലാവരും വന്നാല്‍ ചേച്ചിയെ കാണിക്കുകയൊന്നുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടെന്നാണ് പരിചരിക്കുന്ന നഴ്സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്‌മെന്റ് കൊടുക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്. എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്. ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്പോള്‍ തന്നെ ഭയങ്കരമായി സങ്കടം വരും. ഇങ്ങനെയൊരു അവസ്ഥയില്‍ മോളി ചേച്ചിയെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് കളിച്ച് തമാശയായിട്ടേ ചേച്ചി സംസാരിക്കൂ. എന്റെ നാട്ടുകാരിയാണ് ചേച്ചി.
ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 2 കിലോ മീറ്റര്‍ മാത്രമേ വ്യത്യാസമുള്ളൂ. ഈ അവസ്ഥയില്‍ എല്ലാവരും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഏത് ആശുപത്രിയില്‍ കൊണ്ട് പോയാലും കൊടുക്കുന്ന ചികിത്സ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന് നേരത്തെ ചേച്ചി എന്നോടും പറഞ്ഞിട്ടുണ്ട്. മുന്‍പ് മമ്മൂക്ക ചേച്ചിയുടെ ചികിത്സ ചെലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു. ഓപ്പറേഷനൊന്നും പറ്റൂലെന്ന് അന്ന് ചേച്ചി പറഞ്ഞു. ചേച്ചിയുടെ കൂടെ ഞാന്‍ ചെയ്ത വീഡിയോ മമ്മൂക്ക കണ്ടു. അങ്ങനെയാണ് അദ്ദേഹം സഹായിക്കാനായി വന്നത്.
ലങ്‌സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പ്രായത്തിന്റേതായ പ്രശ്നങ്ങളുമുണ്ട്. വല്ലാത്ത മോശമായൊരു അവസ്ഥയിലൂടെയാണ് ചേച്ചി കടന്ന് പോകുന്നത്. എല്ലാവരും പ്രാര്‍ഥിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. മക്കളൊക്കെ പൈസയുടെ ആവശ്യത്തിനും മറ്റുമായി പോയിരിക്കുകയാണ്. നല്ല സാമ്പത്തികം വേണ്ടി വരുന്ന ആശുപത്രിയാണ്. മോളി ചേച്ചി ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഞാന്‍ നേരില്‍ പോയി കണ്ടതാണ്. കണ്ടപ്പോള്‍ ചേച്ചിക്ക് എന്നെ മനസിലായി. എന്തൊക്കെയോ പറയുന്നുണ്ട്. ഞാന്‍ പോയി എന്നാണ് പറഞ്ഞതെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. അങ്ങനെയല്ല, എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നതായിട്ടും' ഇതായിരുന്നു ബിനീഷിന്റെ വാക്കുകള്‍.