ഭീഷ്മപര്‍വ്വം സഹരചയിതാവായ ദേവ്ദത്ത് ഷാജിയുടെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ ബി ഉണ്ണികൃഷ്ണന്‍. ദേവ്ദത്ത് ഉള്‍പ്പെടെയുള്ള മലയാളത്തിലെ യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം താന്‍ സിനിമ ചെയ്യുമെന്ന് അവസാന ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നതാണ്. ഉണ്ണികൃഷ്ണനൊപ്പമുള്ള തന്റെ ചിത്രം ദേവ്ദത്ത് ഷാജി ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തന്റെ അടുത്ത ചിത്രം എന്ന സൂചനയോടെയായിരുന്നു പോസ്റ്റ്. ഇതോടെ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാകും ഇത് എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യമല്ല എന്ന് വ്യക്തമാക്കി ദേവദത്തും ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. തിരക്കഥയുടെ എഴുത്തും ചര്‍ച്ചയും പുരോഗമിക്കുന്നതേയുള്ളുവെന്ന് ഇരുവരും വ്യക്തമാക്കി
മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബി. ഉണ്ണിക്കൃഷ്ണന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയെല്ലാം വച്ച് ഉണ്ണിക്കൃഷ്ണന്‍ മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, ദിലീപ് നായകനായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്റെ കരിയറിലെ വലിയ വിജയങ്ങളായിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഒടുവില്‍ റിലീസ് ആയത്.