Latest News

ജയരാജ് സംവിധാനം ചെയ്ത ഭയാനകം രഞ്ജി പണിക്കർക്ക് സമ്മാനിച്ചത് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം; മാഡ്രിഡ് ഇമാജിൻ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിൽ അവലംബിത തിരക്കഥയ്ക്ക് ജയരാജിനും പുരസ്‌കാരം

Malayalilife
ജയരാജ് സംവിധാനം ചെയ്ത ഭയാനകം രഞ്ജി പണിക്കർക്ക് സമ്മാനിച്ചത് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം; മാഡ്രിഡ് ഇമാജിൻ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിൽ അവലംബിത തിരക്കഥയ്ക്ക് ജയരാജിനും പുരസ്‌കാരം

ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലൂടെ രഞ്ജി പണിക്കർക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. മാഡ്രിഡ് ഇമാജിൻ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി. അവലംബിത തിരക്കഥയ്ക്കാണ് ജയരാജിന് പുരസ്‌കാരം. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ജയരാജിന് നേടിക്കൊടുത്ത ചിത്രമാണ് ഭയാനകം.

തകഴിയുടെ കയർ എന്ന കൃതിയിൽ രണ്ടാം ലോകമഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമർശിക്കുന്ന ഭാഗങ്ങളാണ് ജയരാജ് ഭയാനകം എന്ന ചിത്രമാക്കിയത്. യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാൾ പോസ്റ്റ്മാൻ ആയി കുട്ടനാട്ടിലെത്തുന്നതാണ് പ്രമേയം. സിനിമയിൽ ഛായാഗ്രഹണം നിർവഹിച്ച നിഖിൽ എസ് പ്രവീണിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

തകഴിയുടെ കയർ എന്ന കൃതിയിലെ രണ്ട് ചാപ്റ്ററുകളിൽ നിന്നാണ് ഈ സിനിമ. അതൊരിക്കലും ഫിക്ഷൻ അല്ല, ചരിത്രം തന്നെയാണ് എന്നാണ് ജയരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. അതിലെ പോസ്റ്റ് മാനും ഗൗരിക്കുഞ്ഞമ്മയും യഥാർത്ഥത്തിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. കയറിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും ചരിത്രവുമായി കൂട്ടിയിണക്കിയിട്ടുണ്ട്. ഈ 650 പട്ടാളക്കാരെ ഓർമ്മപ്പെടുത്തേണ്ടതുണ്ട് എന്നത് ഒരു നിയോഗം പോലെ എന്നിൽ വന്നെത്തിയതാണ് എന്നും അദ്ദേഹം പറയുന്നു.

35 കൊല്ലം മുമ്പ് ഭരതേട്ടന്റെ അസിസ്റ്റന്റായിരിക്കേ ജോൺപോളാണ് കയറിലെ ഈ ഭാഗം തന്നോട് പറയുന്നത് എന്ന് ജയരാജ് ഓർക്കുന്നു. തകഴിയുടെ കയറിൽ രണ്ട് ചാപ്റ്ററിലൊരു പോസ്റ്റ്മാൻ വരുന്നുണ്ട്. അതൊരു സിനിമയാണ് ജയാ, എന്ന് ജോൺപോൾ പറഞ്ഞു. അതങ്ങ് വിട്ടു. പിന്നീടൊരിക്കൽ ഞാനും ഭരതേട്ടനും, ജോൺപോളും തകഴിച്ചേട്ടനെ കാണാൻ പോയിരുന്നു. ഭരതേട്ടന് രണ്ടിടങ്ങഴി വീണ്ടും സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു അന്നത്തെ പോക്ക്. വീട്ടിലെത്തിയപ്പോൾ കാത്തച്ചേച്ചി പറയുന്നു, ഇപ്പോ പോയാൽ പഞ്ചായത്താപ്പീസിൽ കാണുമെന്ന്. പോന്ന വഴി ചായക്കടയിൽ കയറുന്നു, അവിടെ നിന്ന് അറിയുന്നു, ഇപ്പോ ചായകുടിച്ച് ഇറങ്ങിയതേയുള്ളു എന്ന്. വരമ്പിലൂടെ, ചേറിലൂടെ ഞങ്ങൾ തകഴിച്ചേട്ടനെ തേടി നടക്കുകയാണ്. പഞ്ചായത്താപ്പീസിലെത്തി. അവിടെ മേശയുടെ മോളിൽ തോളത്തൊരു തോർത്ത് മാത്രമിട്ട് കർഷകരോട് സംസാരിച്ചിരിക്കുകയാണ് തകഴിച്ചേട്ടൻ. കാലിൽ ചേറൊക്കെ പുരണ്ടാണ് ഇരിപ്പ്. അതാണ് ആ മനുഷ്യൻ.

ലോകത്ത് നമ്മൾ മറ്റ് എഴുത്തുകാരെ നോക്കിയാൽ ഗുഡ് എർത്ത് എഴുതിയ പേൾ എസ് ബക്ക് ഉണ്ട്. ഒരു പാട് എഴുത്തുകാരുണ്ട്. പക്ഷേ തകഴിയെ പോലെ തകഴി മാത്രമേ ഉള്ളൂ. ഡൗൺ ടു എർത്ത് എന്നല്ല മണ്ണിന്റെ, ചേറിന്റെ മണമുള്ള മനുഷ്യനെന്ന് തന്നെ പറയേണ്ടി വരും. കാലം ചുറ്റും പുരോഗമിക്കുമ്പോഴും കുട്ടനാട് ഇങ്ങനെയങ്ങ് നിൽക്കും. ആ ഭൂപ്രകൃതിയും മനുഷ്യരുമാണ് അദ്ദേഹത്തിന്റെ കൃതികൾ ഏറെയും. രണ്ടിടങ്ങഴിയൊക്കെ എത്ര ഗഹനമായ രചനയാണ്. അതുപോലെ ഞാൻ നോൺ ഫീച്ചറായി ചെയ്ത വെള്ളപ്പൊക്കത്തിൽ, അതിന് ദേശീയ അവാർഡും ലഭിച്ചിരുന്നു. പുരപ്പുറത്തൊരു നായ കയറിയിരുന്നു എന്ന ചിത്രത്തിലൂടെയാണ് വെള്ളപ്പൊക്കത്തിന്റെ ഭീതിയെ വരച്ചിടുന്നത്. നമ്മൾ കേട്ടിട്ടുപോലുമില്ലാത്ത വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സൂക്ഷ്മ വിവരണമാണ്. ജയരാജ് പറഞ്ഞു നിർത്തുന്നു.

ചരിത്രത്തിൽ പോലും പേരില്ലാത്ത 350 കൂലിപ്പട്ടാളക്കാർക്കാണ് ജയരാജ് ഭയാനകം സമർപ്പിച്ചത്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിൽ ഭയാനകം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു. ആശാ ശരത് ആണ് ചിത്രത്തിലെ നായിക.

ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ ഒറ്റാൽ എന്ന ചിത്രത്തിന് ശേഷം ജയരാജ് വീണ്ടും രാജ്യാന്തര ചലച്ചിത്രമേളയിൽ അംഗീകരിക്കപ്പെടുകയാണ്. നവരസങ്ങളെ ആധാരമാക്കി ജയരാജ് ഒരുക്കുന്ന സിനിമകളിൽ ആറാമത്തെ ചിത്രമാണ് ഭയാനകം.

bhayanakam movie renji panicker got award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES