വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണത്തില്‍ ഉറച്ച് പിതാവ് കെ.സി.ഉണ്ണി. അപകടം ബാലഭാസ്‌കറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴി ഡി.ആര്‍.ഐ.രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും പിതാവ് ഉണ്ണിയുടെയും മൊഴിയും വരും ദിവസങ്ങളില്‍ ക്രൈംബ്രാഞ്ചും എടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തും. ഇതിനായി കോടതിയില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗുരുതരമായ ആരോപണമാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി ഉയര്‍ത്തുന്നത്. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ സംശയമുണ്ടായിരുന്നുവെന്നും തങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ സംശയവും ആദ്യം തന്നെ കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്പി.ക്ക് എഴുതി നല്‍കിയിരുന്നുവെന്നും കെ.സി.ഉണ്ണി പ്രതികരിച്ചു. അര്‍ജുന്‍ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു വെന്റുലേറ്ററില്‍ കഴിഞ്ഞിരുന്നപ്പോള്‍ ബാലഭാസ്‌കര്‍ ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ ഈ ആരോപണങ്ങളൊന്നും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലത്ത് നിന്നും രണ്ട് പേര്‍ ഓടിമറയുന്നത് കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാളെയും ഉടന്‍ ചോദ്യം ചെയ്യും.
അപകട സമയത്ത് വാഹനമോടിച്ച ആളിനെ കുറിച്ച് വീണ്ടും സംശയങ്ങള്‍ ഉയര്‍ന്നതോടെ ഇക്കാര്യം കണ്ടെത്താനായി ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വണ്ടിയോടിച്ചത് ബാലഭാസ്‌കറാണെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡ്രൈവറാണ് വാഹനമോടിച്ചതെന്നാണ് ലക്ഷമി പറയുന്നത്. ഇരുവരും മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധന നടത്തുന്നത്.
.ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് മരണത്തെ കുറിച്ചുള്ള അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്. മറ്റൊരു കോഓര്‍ഡിനേറ്ററായ വിഷ്ണു ഇപ്പോഴും ഒളിവിലാണ്. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിന്‌ശേഷം പ്രകാശ് തമ്പി നിരവധി തവണ വിദേശ യാത്ര നടത്തിയതായി ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക്‌പേജില്‍പോസ്റ്റ് ഇട്ടത് താനല്ലെന്ന് ഭാര്യ ലക്ഷ്മി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്റെ അറിവോടെ കൊച്ചിയിലെ ഏജന്‍സിയാണ് പോസ്റ്റിട്ടതെന്നും നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന് ശേഷം തന്റെയും ബാലഭാസ്‌ക്കറുടെയും പേഴ്‌സുകളും തന്റെ മൊബൈയില്‍ ഫോണും ബാഗും തിരികെ ലഭിച്ചു. എന്നാല്‍ ബാലഭാസ്‌ക്കറുടെ മൊബൈല്‍ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌ക്കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടത്തിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുകളുണ്ടായിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടണമെന്നും ലക്ഷ്മി പറഞ്ഞു.