സംവിധായകന്‍ ബൈജു പറവൂര്‍ (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെയും പനിയെയും തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നത്.
ഒരു സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ടു കോഴിക്കോട് പോയ ബൈജുവിനു തിരിച്ചുവരുന്ന വഴി ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കുന്നംകുളത്തു ഭാര്യവീട്ടില്‍ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം പറവൂരിലെ വീട്ടിലെത്തി. ആരോഗ്യനില വഷളായതിനാല്‍ കുഴുപ്പിള്ളിയിലും തുടര്‍ന്നു കൊച്ചിയിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ സിനിമയിലെത്തിയ ബൈജു 20 വര്‍ഷം സിനിമാരംഗത്തു സജീവമായിരുന്നു. നാല്‍പത്തിയഞ്ചോളം സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു.
നന്തികുളങ്ങര കൊയ്പ്പാമഠത്തില്‍ ശശി - സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്. സംസ്‌കാരം നടത്തി.