മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില താരങ്ങളുടെ നിരുത്തരവാദപരമായ സമീപനം മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു വെന്നാണ് ബി. ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചത്. ഫെഫ്ക ജനറല്‍ ബോഡിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് താരങ്ങളുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരേ സമയം പല നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് കൊടുക്കുക, ഒരിടത്തും സമയം പാലിക്കാതിരിക്കുക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാതിരിക്കുക, സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. ചില താരങ്ങള്‍ സംവിധായകരുടെ അവകാശമായ എഡിറ്റിംഗില്‍കൂടി കൈകടത്തുന്ന രീതിയും അടുത്തകാലത്ത് കൂടിവരികയാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
തങ്ങളുടെ സാന്നിദ്ധ്യത്തിലും ബോദ്ധ്യത്തിലും എഡിറ്റ് ചെയ്താലെ തുടര്‍ന്ന് ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള ജോലികളില്‍ സഹകരിക്കൂ എന്നാണ് താരങ്ങളുടെ നിലപാട്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. സിനിമയുടെ എഡിറ്റിംഗ് സംബന്ധിച്ച കാര്യങ്ങള്‍ പണം മുടക്കിയ നിര്‍മ്മാതാവിനെ അല്ലാതെ മറ്റാരേയും ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത സംവിധായകര്‍ക്കില്ല. പണം മുടക്കുന്ന നിര്‍മ്മാതാവിന് ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അവകാശമുണ്ട്. അടുത്തിടെ ഒരു പ്രമുഖ താരത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം അഭിനയിച്ച സിനിമ വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നു. ഇത്തരം പ്രവണതയുമായി മുന്നോട്ടുപോകാനാവില്ല. മലയാള സിനിമ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണ്.
താരസംഘടനയുമായി ഈ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. സിനിമ രംഗത്തെ 19 ട്രേഡ് യൂണിയനുകളുടെ കോ-ഓര്‍ഡിനേഷനായ ഫെഫ്ക എല്ലാക്കാലത്തും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നുനില്‍ക്കുമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.