സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ജാതിവിവേചനം നേരിട്ടുവെന്ന ആരോപണവുമായി യുവ സംവിധായകന്‍ അരുണ്‍ രാജ്. തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചതായും തന്റെ ജാതിയാണ് ഇതിന് കാരണമെന്നും അരുണ്‍ രാജ് പറയുന്നു. കുരിശ് എന്ന പേര് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ചിത്രത്തിന്റെ പ്രമേയവും ഉള്ളടക്കവും നിലനിര്‍ത്തി 'എഡ്വിന്റെ നാമം' എന്ന പേരില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നും അരുണ്‍ രാജ് പറഞ്ഞു.
ഇതിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങള്‍ സിനിമയില്‍ നടത്തിയെങ്കിലും 'എ' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിന്‍ എന്ന ബാലന്റെ പ്രതികരണമാണ് 'കുരിശ്' എന്ന സിനിമയുടെ പ്രമേയം. പേരുമാറ്റത്തില്‍ ശാഠ്യം പിടിക്കുന്നത് ദലിതസമുദായാംഗമായതിനാലാണ് എന്നാണ് അരുണ്‍ രാജ് പറയുന്നത്.
മലയാളത്തില്‍ ചാപ്പാകുരിശ്, ഈശോ, വിശുദ്ധന്‍, കുരിശുയുദ്ധം, ആമേന്‍ തുടങ്ങിയ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിക്കുന്നത്. പേരുമാറ്റത്തെ തുടര്‍ന്ന് വിതരണക്കാര്‍ പിന്മാറി. ചിത്രത്തിന്റെ പ്രമേയവും ഉള്ളടക്കവും നിലനിര്‍ത്തി 'എഡ്വിന്റെ നാമം' എന്ന പേരില്‍ സിനിമ തിയറ്ററുകളിലെത്തുമെന്നും സംവിധായകന്‍ അരുണ്‍ രാജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.