മലയാളികള്‍ക്ക് എറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അല്‍ഫോന്‍സ് പുത്രന്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളായി താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞ് നില്ക്കുന്നത് സൂപ്പര്‍ഹിറ്റ് ഗാനങ്ങളും അതിനൊപ്പം എക്‌സ്പ്രഷന്‍ ഇടുന്ന അല്‍ഫോന്‍സിന്റെ മുഖവുമാണ്.എന്നാല്‍ അല്‍ഫോണ്‍സിന്റെ പെട്ടെന്നുള്ള ഈ മാറ്റം ആരാധകരെ അതിശയപ്പെടുത്തി. ഞങ്ങളുടെ പുത്രേട്ടനിത് എന്തുപ്പറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.എന്തുപ്പറ്റി ആവോ?,ഫില്‍റ്ററെല്ലാം പൊളിയാണല്ലോ, പാട്ട് ചിത്രത്തിന്റെ ഇന്‍ഡ്രോ ആണോ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോകള്‍ക്ക് താഴെ നിറയുന്നത്.
എന്നാല്‍ ആരാധകരുടെ ഈ ചോദ്യത്തിനുളള ഉത്തരവും അല്‍ഫോന്‍സ് പങ്കുവെയ്ക്കുന്നുണ്ട്. കമല്‍ ഹാസന്‍ സാറിനെ കണ്ടപ്പോള്‍ തനിക്ക് ഒരു പ്രത്യേക ഊര്‍ജം ലഭിച്ചുവെന്നും അതിനാല്‍ കുറച്ചധികം സജീവമാകാന്‍ ഞാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളോടുകൂടെ പങ്കുവെക്കണമെന്ന് എനിക്ക് തോന്നിയെന്നും അല്ലാതെ എന്റെ നട്ടൊന്നും ലൂസായിട്ടില്ലെന്നും അദ്ദേഹം ഒരു കമന്റിനു താഴെ കുറിച്ചു.
റീല്‍ വീഡിയോകള്‍ക്കൊപ്പം അല്‍ഫോണ്‍സ് ആദ്യകാലങ്ങളില്‍ ചെയ്ത ഷോട്ട്ഫിലിമുകളുടെ അണിയറ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടിയ അല്‍ഫോണ്‍സിന്റെ അവസാന സംവിധാന ചിത്രം ഗോള്‍ഡാണ്. സോഷ്യല്‍ മീഡിയയില്‍ അത്രയങ്ങ് സജീവമല്ലായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡിന്റെ പ്രമോഷനായി പോലും അല്‍ഫോണ്‍സ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയില്ല. ചില ശാരീരിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് എത്താതിരുന്നതെന്ന് താരം പിന്നീട് പറഞ്ഞിരുന്നു.