വിവാദങ്ങള്‍ക്കൊടുവില്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ചിത്രമായ ഫ്‌ളഷ് തിയേറ്ററുകളിലെത്തുന്നു. ജൂണ്‍ 16-ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവായ ബീനാ കാസിം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി നിര്‍മാതാവ് ബീനാ കാസിമും വാര്‍ത്താ സമ്മേളനം നടത്തി. താന്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുല്‍ത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാന്‍ തീരുമാനിച്ചതെന്നും അതിന് കാരണം ലക്ഷദ്വീപില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണെന്നും ബീന കാസിം പറഞ്ഞിരുന്നു.
ലക്ഷദ്വീപില്‍ നിന്നുള്ള അടിയന്തര ചികിത്സ വേണ്ടി വരുന്ന രോഗികളെ വ്യോമമാര്‍ഗം കേരളത്തിലെത്തിക്കുന്ന സാഹചര്യം പ്രമേയമാക്കിയാണ് സംവിധായിക ചിത്രം ഒരുക്കിയിരുന്നത്. എന്നാല്‍ ചിത്രം വഴി തനിക്ക് ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിക്കാനാണ് സംവിധായക ശ്രമിച്ചതെന്ന് നിര്‍മാതാവായ ബീനാ കാസിം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചു എന്ന് ആരോപിച്ച് നിര്‍മാതാവ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതായും എഡിറ്റിംഗില്‍ അടക്കം ഇടപെട്ടതായും ഐഷ സുല്‍ത്താന നേരത്തെ അറിയിച്ചിരുന്നു, സിനിമയിലുള്ള എയര്‍ ഇവാക്വേഷന്‍ യാഥാര്‍ത്ഥ്യമല്ല എന്നാണ് നിര്‍മാതാവിന്റെ വാദമെന്നും ഒന്നരവര്‍ഷം മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകിയാല്‍, പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.
സിനിമയുടെ റിലീസ് പണ്ടേ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും പണം മുടക്കിയ തന്നെയും ഭര്‍ത്താവിനെയും ഐഷ സുല്‍ത്താന്‍ ഇനിയും അപമാനിക്കുന്നത് കണ്ടിരിക്കാനാകില്ലെന്നും ബീനാ കാസിം അറിയിച്ചു. ചിത്രം 16-ന് തന്നെ തിയേറ്ററിലെത്തുമെന്നും ഇത്രയും വിവാദമുണ്ടാക്കാന്‍ തരത്തില്‍ ചിത്രത്തിലെന്തെങ്കിലുമുണ്ടോ എന്ന് സിനിമ കാണുന്നവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു