നടിമാരായ മേനകാ സുരേഷ്, ജലജ, കാര്‍ത്തിക, സോനാ നായര്‍, മഞ്ജുപിള്ള, ശ്രീലക്ഷ്മി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി. ആരാലും സ്നേഹിക്കപ്പെടാന്‍ ഇല്ലാതെ, വാര്‍ധക്യ കാലം എങ്ങനെയെങ്കിലും തള്ളിനീക്കുന്ന ഒരുകൂട്ടും അമ്മമാര്‍ക്കു വേണ്ടി. തിരുവനന്തപുരം വഞ്ചി പുവര്‍ ഫണ്ട് എന്ന അമ്മ വീട്ടിലാണ് താരങ്ങള്‍ ഒരു ദിവസം ചെലവഴിച്ചത്. അവര്‍ക്കൊപ്പം ആടിയും പാടിയും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയും ഒരു ദിവസം ആഘോഷമാക്കുകയായിരുന്നു ഇവര്‍. പപ്പടവും പരിപ്പും പായസവും എല്ലാമായി രുചികരമായ സദ്യയായിരുന്നു അമ്മമാര്‍ക്കായി താരങ്ങള്‍ ഒരുക്കിയത്.
ചെറുപ്പക്കാലത്ത് തങ്ങള്‍ ആരാധിച്ചിരുന്നവരും ഒരുവേള കാണാന്‍ ആഗ്രഹിച്ചതുമായ താരങ്ങള്‍ തങ്ങള്‍ക്കൊപ്പം ആടുകയും പാടുകയും ഭക്ഷണം വിളമ്പിതന്നതുമെല്ലാം ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് ഈ അമ്മമാര്‍ക്ക് തോന്നുന്നത്. കാരണം, ഇതുപോലൊരു ദിവസം അവരുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നതല്ല, മക്കളെ നഷ്ടമായവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും എല്ലാം ഉണ്ട് ഇക്കൂട്ടത്തില്‍. മക്കളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ ബാധ്യതയായപ്പോള്‍ ഇവിടെ അമ്മമാരെ ഉപേക്ഷിച്ചു പോയവരും കൂട്ടത്തിലുണ്ട്. മക്കളെ ഒന്നു കാണാന്‍, പേരക്കുട്ടികളെ ഒന്നു താലോലിക്കാന്‍ കൊതിക്കുന്ന അമ്മൂമ്മമാരാണ് ഇതില്‍ ഭൂരിഭാഗവും.
എങ്കിലും അതെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമാക്കി ജീവിതം എത്രയും പെട്ടെന്ന് അവസാനിച്ചു കിട്ടണേ എന്ന പ്രാര്‍ത്ഥനയുമായി ഓരോ ദിവസവും തള്ളിനീക്കുന്ന അമ്മമാര്‍ക്കിടയിലേക്കാണ് നിറസ്നേഹവുമായി ഗുരുപൂര്‍ണിമ ദിവസം ഈ താരങ്ങള്‍ എത്തിയത്. സ്ഥാപന മേധാവികള്‍ സര്‍പ്രൈസായി അമ്മമാര്‍ക്കായി ഒരുക്കിയതായിരുന്നു താരങ്ങളുടെ വരവ്. അതുകൊണ്ടുതന്നെ ആദ്യം കണ്ടപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ല. ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയവരും കാഴ്ചകള്‍ മങ്ങിത്തുടങ്ങിയവരും പഴയ ഓര്‍മ്മകളും സിനിമാ വിശേഷങ്ങളും ഓര്‍ത്തെടുത്ത് പങ്കുവച്ചപ്പോള്‍ തങ്ങള്‍ ചെയ്തു വച്ച കഥാപാത്രങ്ങളുടെ ആഴവും വ്യാപ്തിയും കൂടി തിരിച്ചറിയുന്ന നിമിഷമായിരുന്നു താരങ്ങള്‍ക്കത്.
രാവിലെ മുതല്‍ വൈകിട്ട് വരെ തിരുവനന്തപുരം വഞ്ചി പുവര്‍ ഫണ്ട് അമ്മ വീട്ടില്‍ ഇവര്‍ക്കൊപ്പം സമയം ചെലവഴിച്ച് മടങ്ങാന്‍ നേരം നിറകണ്ണുകളോടെയാണ് ആ അമ്മമാര്‍ താരങ്ങളെ യാത്രയാക്കിയത്. ഇനിയും വരണേ എന്ന വാക്കുകള്‍ ശരിക്കും താരങ്ങളുടെ നെഞ്ചില്‍ സമ്മാനിച്ചത് വലിയ വിങ്ങലായിരുന്നു. തങ്ങളെ കാത്തിരിക്കാനും ഓര്‍ക്കാനും ആരുമില്ലെന്ന തോന്നലില്‍ നിന്ന് മോചനം കിട്ടിയ ദിവസമായിരുന്നു ആ അമ്മമാര്‍ക്ക് കഴിഞ്ഞദിനം.