സിനിമാസെറ്റില്‍ ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ് നടി സോണിയ മല്‍ഹാര്‍. 2013ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ചാണ് സംഭവം. മലയാളത്തിലെ ഒരു സൂപ്പര്‍താരത്തില്‍ നിന്നാണ് മോശം അനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്‌ലറ്റില്‍ പോയി തിരികെവരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചുവെന്നാണ് സോണിയ വെളിപ്പെടുത്തി.
2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭര്‍ത്താവാണ് ട്രെയിന്‍ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. ഞാന്‍ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാന്‍ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. - സോണിയ മല്‍ഹാര്‍ വ്യക്തമാക്കി.
ഒരു നിമിഷത്തില്‍ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ഇയാള്‍ തന്നോട് ക്ഷമാപണം നടത്തിയെന്നാണ് സോണിയ പറയുന്നു. ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാന്‍ പറ്റില്ലെന്നുതോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിന്റെയും പുറത്താണ് അഭിനയിക്കാന്‍ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ താന്‍ പോകാറില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.