എല്ലാ വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയുന്ന താരമാണ് നടൻ പൃഥ്വീരാജ്. രാഷ്ട്രീയ ഭേദമോ ജാതിഭേദമോ നോക്കാതെ തുറന്നുപറയുന്ന താരം. സ്ത്രീ സമത്വ വിഷയങ്ങളിലും ഇത്തരത്തിൽ തന്നെ മുമ്പും നിലപാട് സ്വീകരിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കൊപ്പമാണ് താൻ എന്ന് നട്ടെല്ലുനിവർത്തി നിലകൊണ്ട മുൻനിര പുരുഷതാരവും.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇപ്പോൾ അദ്ദേഹം പ്രതികരിക്കുകയാണ്. കേരളത്തിൽ വലിയ കോലാഹലം സൃഷ്ടിക്കുകയും രാജ്യംമുഴുവൻ ചർച്ചചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയത്തിൽ താരം ചോദിക്കുന്നത് ശബരിമലയിൽ പോകണമെന്ന് വാശിപിടിച്ച് എന്തിനാണ് ഇത്രയും വലിയ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് ഉണ്ടാക്കുന്നതെന്നാണ്. മലകയറി അയ്യപ്പനെ വണങ്ങി ദർശനത്തിനായി പോയവർ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്ന ചോദിച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.
കാട്ടിൽ ഒരു അയ്യപ്പനുണ്ടെന്നും എങ്കിൽ ഒന്ന് കണ്ടേക്കാം എന്നുമാണ് പോയതിന് കാരണമെങ്കിൽ നിങ്ങൾക്ക് പോകാൻ വേറെ ക്ഷേത്രങ്ങൾ ഇല്ലാഞ്ഞിട്ടാണോ എന്നും നടൻ ചോദിക്കുന്നു. ദർശനത്തിന് പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാമെന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വീരാജ് പ്രതികരിച്ചിരിക്കുന്നത്.
കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്? ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് പൃഥ്വീരാജിന്റെ ചോദ്യം.
പുതിയ സിനിമയായ 9ന്റെയും സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെയും വിശേഷങ്ങൾ പങ്കുവച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ശബരിമലയിൽ ദർശനത്തിന് പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ ചോദിക്കാനുള്ളൂ.. നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ, അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
തന്റെ ദൈവസങ്കൽപത്തെ കുറിച്ചും താരം മനസ്സുതുറക്കുന്നുണ്ട്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്. വീട്ടിൽ പൂജാ മുറിയിലും പ്രാർത്ഥിക്കും. പള്ളികളിലും പോകുമെന്നും പൃഥ്വീരാജ് അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമാസംഘടനാ വേദികളിലെ വിഷയങ്ങളിലും നടൻ പ്രതികരിച്ചു. സിനിമയിൽ വനിതാ സംഘടന രൂപീകരിച്ചപ്പോൾ സംവിധായിക അഞ്ജലി മേനോൻ വിളിച്ച് ആശംസകൾ അറിയിച്ച് കുറിപ്പിടാമോ എന്ന് ചോദിച്ചതിനാൽ താൻ അങ്ങനെ ചെയ്തുവെന്നും പൃഥ്വീരാജ് പ്രതികരിച്ചു. 'അമ്മ'യിൽ സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നൊന്നും പറയാൻ എനിക്കാവില്ലെന്നും കഴിഞ്ഞ നാലു ജനറൽ ബോഡികളിൽ പങ്കെടുക്കാൻ തിരക്കുമൂലം കഴിഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.
നടിയെ ആക്രമിച്ച സംഭവത്തെ തുടർന്ന് ശക്തമായി പ്രതികരിക്കുകയും സ്ത്രീ കൂട്ടായ്മയ്‌ക്കൊപ്പവും നടിക്കൊപ്പവുമാണ് താനെന്ന് നിലപാട് വ്യക്തമാക്കുകയും ചെയ്ത താരമാണ് പൃഥ്വീരാജ്. അതിനാൽ തന്നെ ശബരിമല വിഷയത്തിൽ താരം ആദ്യമായി പ്രതികരിച്ചതും ചർച്ചയായിട്ടുണ്ട്.