ബോളിവുഡ് നടന്‍ ജാക്കി ഷ്റോഫിന്റെ ഭാര്യയും യുവനടന്‍ ടൈഗര്‍ ഷ്റോഫിന്റെ മാതാവുമായ അയേഷ ഷ്റോഫില്‍നിന്ന് 58 ലക്ഷം രൂപ തട്ടിയതായി പരാതി. ടൈഗര്‍ ഷ്റോഫിന്റെയും സിനിമാ നിര്‍മാതാവ് കൂടിയായ അയേഷയുടെയും പേരിലുളള എം.എം.എ മാട്രിക്സ് കമ്പനിയുടെ ഓപറേഷന്‍സ് ഡയറക്ടര്‍ അലന്‍ ഫെര്‍ണാണ്ടസിനെതിരെയാണ് അയേഷ മുംബൈ സാന്റാക്രൂസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2018 നവംബര്‍ 20നാണ് ഇയാളെ ഡയറക്ടറായി നിയമിച്ചത്.
എം.എം.എ മാട്രിക്സ് ജിമ്മില്‍ ക്രമക്കേട് നടത്തി പണം തട്ടിയെന്നാണ് ആരോപണം. അലനായിരുന്നു ജിംനേഷ്യം നിയന്ത്രിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്താനെന്ന പേരില്‍ 2018 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ കമ്പനി അക്കൗണ്ടില്‍നിന്ന് 58,53,591 രൂപ തട്ടിയെന്നാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015ല്‍ നടന്‍ സാഹില്‍ ഖാനെതിരെയും അയേഷ തട്ടിപ്പിന് പരാതി നല്‍കിയിരുന്നു.