പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രമാണ്. പൃഥ്വിയുടെയും ബ്ലെസിയുടെയും കരിയറിലെ നിരവധി വര്‍ഷങ്ങള്‍ ഈ ചിത്രം അപഹരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും താണ്ടി ആടുജീവിതം ഈ ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഇതിന്റെ ഭാഗമായി ആടുജീവിത'ത്തിന്റെ വെബ്‌സൈറ്റ് സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ലോഞ്ച് ചെയ്തു. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങിലാണ് റഹ്മാന്‍ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. സംവിധായകന്‍ ബ്ലെസ്സി, രചയിതാവ് ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ.സി. ഈപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയ്ക്കിടയില്‍ ബ്ലെസിയുടെ മാറ്റത്തെ കുറിച്ച് എ ആര്‍ റഹ്മാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ആടുജീവിതം തുടങ്ങുമ്പോള്‍ ഈ മുടി കറുത്തിരുന്നതാണ്,' എന്നായിരുന്നു ബ്ലെസിയെ ചൂണ്ടി റഹ്മാന്റെ കമന്റ്. യോദ്ധയ്ക്ക് ശേഷം മലയാളത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റഹ്മാന്‍ പറഞ്ഞു.
ആട് ജീവിതം' ഒരു തരത്തില്‍ മ്യൂസിക് കമ്പോസറുടേത് കൂടിയാണെന്നും ബ്ലസിക്കും ടീമിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എ. ആര്‍. റഹ്മാന്‍ പറഞ്ഞു.
മാര്‍ച്ച് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ കണ്ടതിനുശേഷം ഞാന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു.
സിനിമയ്ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പ്രേക്ഷകര്‍ അറിയണമെന്നുള്ളതുകൊണ്ടാണ് ഒരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തതെന്നും ആട് ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിന് ശേഷം ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നതെന്നും സംവിധായകന്‍ ബ്ലെസി പറഞ്ഞു. മാര്‍ച്ച് പത്തിനാണ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച്.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് 'ആടുജീവിതത്തിന്റെ' കഥാപരിസരം.
എഴുത്തുകാരന്‍ രവി വര്‍മ തമ്പുരാന്‍ വഴിയാണ് 2009ല്‍ ബ്ലെസ്സി ആടുജീവിതം എന്ന നോവലിനെ കുറിച്ചറിയുന്നത്. പിന്നീട് ബെന്യാമിനുമായി ചര്‍ച്ച ചെയ്ത് നോവല്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടി വലിയ മേക്കോവര്‍ തന്നെ പൃഥ്വി നടത്തിയിരുന്നു. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്‌കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയില്‍, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.
കെ എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എ ആര്‍ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകന്‍. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിച്ചു.