ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത് റിലീസിന് എത്തിയ പുതിയ ചിത്രമാണ് പൂക്കാലം. കഴിഞ്ഞ ദിവസമാണ് സിനിമ തീയറ്ററില്‍ എത്തിയത്. മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം.
ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രമാണ് പൂക്കാലം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നൂറ് വയസ്സുകാരന് ഇട്ടൂപ്പായി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്‍ വിജയരാഘവന്റെ മേക്കോവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
''പൂക്കാലത്തിന് ഇട്ടൂപ്പായി വിജയരാഘവന്‍ അങ്കിളിന്റെ രൂപമാറ്റം..'' എന്ന ക്യാപ്ഷനും നല്‍കിയാണ് വിനീതിന്റെ വീഡിയോ. 71 വയസ്സുകാരനായ വിജയരാഘവനെ 100 വയസ് പ്രായത്തിലേക്ക് എത്തിക്കാനുള്ള മേക്കപ്പിനായി ചിത്രീകരണത്തില്‍ പങ്കെടുത്ത ദിവസങ്ങളിലൊക്കെ നാലര മണിക്കൂറാണ് വേണ്ടിവന്നതെന്ന് അണിയറക്കാര്‍ പറയുന്നുണ്ട്. 25 ദിവസമായിരുന്നു വിജയരാഘവന്റെ ഷൂട്ട്.
മലയാള സിനിമ മേക്കപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമീപകാലത്ത് ആര്‍ജ്ജിച്ചിരിക്കുന്ന മികവിന്റെ അടയാളം കൂടിയാവുന്നു വിജയരാഘവന്റെ ഇട്ടൂപ്പ്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.