തമിഴകത്തിന്റെ പ്രിയസംവിധായകനും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. അടുത്തിടെ ചലച്ചിത്ര നിര്‍മ്മാതാവ് വിഘ്നേഷ് ശിവന്‍ പുതുച്ചേരിയിലെത്തി ടൂറിസം മന്ത്രി ലക്ഷ്മി നാരായണനെ കണ്ട് സര്‍ക്കാര്‍ വസ്തുക്കള്‍ വാങ്ങാന്‍ അഭ്യര്‍ത്ഥിച്ചെന്ന വാര്‍ത്ത വിവാദമായിരുന്നു. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വിഘ്‌നേഷ് ശിവന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.
തന്റെ പേരില്‍ വരുന്ന കിംവദന്തികള്‍ തെറ്റാണെന്നും അത് കൃത്യമായി വ്യക്തമാക്കുകയാണെന്നുമാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.
''ഞാന്‍ സര്‍ക്കാര്‍ സ്വത്ത് വാങ്ങാന്‍ ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്. ഈ വിഷയം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിമാനത്താവളം പരിശോധിക്കാനും അവിടെ സിനിമാ ചിത്രീകരണത്തിന് അനുമതി തേടാനും ഞാന്‍ പുതുച്ചേരി സന്ദര്‍ശിച്ചു. എന്റെ സന്ദര്‍ശന വേളയില്‍ ഞാന്‍ മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും സന്ദര്‍ശിച്ചു. യാദൃശ്ചികമായി, ഒരു പ്രാദേശിക മാനേജര്‍ അവര്‍ക്കുവേണ്ടി മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ബന്ധമില്ലാത്ത ഈ വിവരങ്ങള്‍ ഇപ്പോള്‍ എന്നോട് തെറ്റായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന മീമുകള്‍ രസകരമാണ്, അവ എന്നെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവ അനാവശ്യമാണ്. അതിനാല്‍, ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിച്ചു...'' എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
വിദേശത്ത് നടക്കുന്ന സംഗീത പരിപാടികള്‍ക്ക് സമാനമായി പുതുച്ചേരിയില്‍ തുടര്‍ച്ചയായി സംഗീത പരിപാടികള്‍ നടത്താന്‍ അനുമതി തേടിയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി ലക്ഷ്മി നാരായണന്‍ വ്യക്തമാക്കി.
ജനപ്രിയ സംവിധായകനായ വിഘ്‌നേഷ് തന്റെ അടുത്ത സിനിമയായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'യുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. റൊമാന്റിക് എന്റര്‍ടെയ്‌നറിനായ സിനിമയില്‍ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.