തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. നവംബര്‍ ഒന്നിന് ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാഹത്തിനായി അല്ലു-കൊന്‍ഡേല കോട്ടയില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇറ്റാലിയന്‍ നഗരമായ ടസ്‌കാനിയാണ് വിവാഹത്തിന് വേദിയാവുന്നത്. ഇരുവരുടെയും കുടുംബങ്ങളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും.
തേജും ലാവണ്യയും നിലവില്‍ കുടുംബത്തോടൊപ്പം ഇറ്റലിയിലാണ്. ഇരുവരും ടസ്‌കാനിയുടെ മനോഹാരിതയും ഭൂപ്രകൃതിയും ആസ്വദിച്ച് വിവാഹത്തിന് മുന്‍പുള്ള ദിവസങ്ങള്‍ അവിസ്മരണീയമാക്കുകയാണ്. ടസ്‌കാനിയില്‍ വച്ച് ലാവണ്യ പകര്‍ത്തിയ രണ്ട് ചിത്രങ്ങളും വരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇറ്റാലിയന്‍ വാസ്തുവിദ്യയുടെ അതിശയകരമായ അഴകും ചിത്രങ്ങള്‍ക്ക് പശ്ചാത്തലമാവുന്നു.
തേജും ലാവണ്യയും ടസ്‌കാനിയിലെ ബോര്‍ഗോ സാന്‍ ഫെലിസ് റിസോര്‍ട്ടില്‍വച്ച് വിവാഹിതരാകുമെന്നും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ഒക്ടോബര്‍ 30ന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ച്. ഒക്ടോബര്‍ 31ന് ഒരു കോക്ക്ടെയ്ല്‍ പാര്‍ട്ടിയും മെഹന്ദി, ഹല്‍ദി ചടങ്ങുകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെ ടസ്‌കാനിയില്‍ ചിരഞ്ജീവിയും രാം ചരണും എത്തി.ചിരഞ്ജീവിയുടെ സഹോദര പുത്രനാണ് വരുണ്‍. രാം ചരണിന്റെ ഭാര്യയായ ഉപാസന കാമിനേനിയാണ് കുടുംബാംഗങ്ങള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രാം ചരണിന്റെയും ഉപാസനയുടെയും മകള്‍ ക്ലിന്‍ കാരയേയും ചിത്രത്തില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വിവാഹ ക്ഷണക്കത്തില്‍, ഇറ്റലിയിലെ ചടങ്ങിന് ശേഷം ദമ്പതികള്‍ നവംബര്‍ 5ന് ഹൈദരാബാദില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുമെന്ന വിവരവുമുണ്ട്.വരുണിന്റെ പിതൃസഹോദരന്‍ പവന്‍ കല്യാണും ഭാര്യ അന്ന ലെഷ്നേവയും വരുണിന്റെ ബന്ധുവായ അല്ലു അര്‍ജുനും കുടുംബവും വിവാഹത്തിന് പങ്കെടുക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ടസ്‌കാനിയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി, തേജിന്റെയും ലാവണ്യയുടെയും കുടുംബങ്ങള്‍ ഹൈദരാബാദില്‍ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്തിരുന്നു. അല്ലു സിരീഷിന്റെ വീട്ടില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.