നടി, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. നടിയായ ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. ഇപ്പോഴിതാ താന്‍ ഒരു അമ്മയായ വിവരം ഉത്തര പങ്കിട്ടിരിക്കുകയാണ്. പെണ്‍കുഞ്ഞാണ് ഉത്തരയ്ക്ക് ജനിച്ചിരിക്കുന്നത്. ഉത്തര തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ദൈവ കൃപയാല്‍ ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ധീമഹീ നിതേഷ് നായര്‍ എന്നാണ് കുട്ടിയുടെ പേര്. 2023 ജൂലൈ 6 നായിരുന്നു കുട്ടിയുടെ ജനനം. ധീമഹീ എന്നാല്‍ ജ്ഞാനിയും ബുദ്ധിമാനും. ഗായത്രി മന്ത്രത്തില്‍ അത് സൂചിപ്പിക്കുന്നത് ഒരാള്‍ അവരുടെ ആന്തരിക ദൈവിക ഊര്‍ജ്ജങ്ങളെ സജീവമാക്കണം എന്നാണ്.
സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് നിവയറുമായി തന്റെ പ്രിയതമനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ള പട്ടു സാരിയില്‍ അതീവ സുന്ദരിയായി പച്ച മാങ്ങ കടിക്കുന്ന ചിത്രം പങ്കിട്ട് പച്ച മാങ്ങ സീസണ്‍ അവസാനിക്കാന്‍ പോകുന്നു. പുതിയ സീസണിനെ വരവേല്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്ന് ഉത്തര കുറിച്ചത്.
അപ്പോള്‍ മുതല്‍ക്കേ ഉത്തര ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പുത്തന്‍ പോസ്റ്റിലൂടെയായി സംശയങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഉത്തര ഉണ്ണി. നിറവയറിലുള്ള ചിത്രങ്ങള്‍ക്കൊപ്പമായാണ് ഉത്തരയും നിതേഷും സന്തോഷം പങ്കിട്ടത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഉത്തരയ്ക്കും നിതേഷിനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. പേരന്റ്ഹുഡിലേക്ക് സ്വാഗതമെന്നായിരുന്നു ശില്‍പ ബാല കുറിച്ചത്. ലിറ്റില്‍ ധീമഹിക്ക് എല്ലാവിധ അനുഗ്രഹങ്ങളുമെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്.
കണ്‍ഗ്രാറ്റ്‌സ് ഔര്‍ ന്യൂ മമ്മ ഗേള്‍ എന്നായിരുന്നു ഭാമയുടെ കമന്റ്. മകളുടെ പേര് മനോഹരമായിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആയുരാരോഗ്യസൗഖ്യം നേരുന്നു, ഒരുപാട് സന്തോഷം, എല്ലാവിധ ആശംസകളും തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. പ്രഗ്നന്‍സി റിസല്‍ട്ട് പോസിറ്റീവാകുന്നത് മുതലുള്ള വിശേഷങ്ങള്‍ പലരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഉത്തര ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.
ബിസിനസുകാരനായ നിതേഷാണ് ഉത്തരയെ വിവാഹം ചെയ്തത്. അമ്മയായിരുന്നു മകള്‍ക്കായി വരനെ കണ്ടെത്തിയത്. ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഇതാണ് എന്റെ വരന്‍ എന്ന് തോന്നിയെന്ന് ഉത്തര പറഞ്ഞിരുന്നു. ഉത്തരയുടെ ഇഷ്ടങ്ങളെല്ലാം മനസിലാക്കി കൂടെ നിന്ന് പോത്സാഹിപ്പിക്കുകയാണ് നിതേഷ്. ഭക്തിനിര്‍ഭരമായിരിക്കണം വിവാഹം എന്നുണ്ടായിരുന്നു ഉത്തരയ്ക്ക്. ചടങ്ങുകളിലൊന്നും നിതേഷിനും വീട്ടുകാര്‍ക്കും പ്രശ്‌നമൊന്നുമില്ലായിരുന്നു. 7 ചടങ്ങുകളോടെയായി 3 ദിവസമെടുത്താണ് വിവാഹം നടന്നത്. അമ്മയും മനസില്‍ ആഗ്രഹിച്ച ചടങ്ങുകളായിരുന്നു നടത്തിയത്.
ഉത്തരയുടെ കാലില്‍ ചിലങ്ക കെട്ടിയായിരുന്നു നിതേഷിന്റെ പ്രൊപ്പോസല്‍. ഉത്തര അത് പ്രതീക്ഷിച്ചതായിരുന്നില്ല. ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ചിലങ്കമണി കൊണ്ട് ഗുരുവായൂരില്‍ തുലാഭാരം നേര്‍ന്നിരുന്നു ഊര്‍മ്മിള ഉണ്ണി. ആ കഥകളൊന്നും നിതേഷിന് അന്ന് അറിയുമായിരുന്നില്ലെന്നും ഉത്തര പറഞ്ഞിരുന്നു.
ഊര്‍മ്മിള ഉണ്ണിക്കും സംയുക്ത വര്‍മ്മയ്ക്കും പിന്നാലെയായാണ് ഉത്തരയും ബിഗ് സ്‌ക്രീനിലെത്തിയത്. നര്‍ത്തകിയായ ഉത്തര ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്നും ഉത്തര തെളിയിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഉത്തര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ധാരാളം ഡാന്‍സ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ലോക്ക്ഡൗണിനിടെ വിവാഹം മാറ്റിവച്ചതും പിന്നീട് ആഗ്രഹം പോലെ നടന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നതാണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരികയാണ് ഉത്തര ഇപ്പോള്‍.