തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള തമന്നയ്ക്ക് കേരളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. നിലവില്‍ ബോളിവുഡില്‍ കൂടുതല്‍ സജീവമായി കൊണ്ടിരിക്കുകയാണ് തമന്ന. തന്റെ പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 ന്റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. എന്നാല്‍ സിനിമയേക്കാളേറെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് നടന്‍ വിജയ് വര്‍മയും തമന്നയുമായി ബന്ധപ്പെട്ട വര്‍ത്തകളാണ്.
ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്ന ഭാട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് തമന്നയുടെ വീട്ടില്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നെ ഇരുവരും ഒരുമിച്ച് പുതുവര്‍ഷം ആഘോഷിക്കുന്ന വീഡിയോകളും ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ തന്റെ പ്രണയബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ് തമന്ന. ഒരു അഭിമുഖത്തിനിടെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ' ഞാന്‍ ആഗ്രഹിച്ച പോലെയുള്ള ഒരാളാണ് അദ്ദേഹം. ഒപ്പം അഭിനയിക്കുന്ന ആളാണെന്നത് കൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാന്‍ ഒരു പാട് നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും'. എന്നാണ് തമന്ന പറഞ്ഞത്.
'ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന, ആരാധിക്കുന്ന വ്യക്തിയാണ്. വളരെ സ്വാഭാവികമായി എനിക്ക് അടുപ്പം തോന്നിയ വ്യക്തിയാണ് അദ്ദേഹം. മറ്റൊന്നും ചിന്തിക്കാതെ എന്നോട് അടുത്ത ഒരാളാണ്. അതുകൊണ്ട് എനിക്കും വളരെ എളുപ്പമായി. എന്നെ പോലെ വലിയ നേട്ടങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീകളെല്ലാം എല്ലാത്തിനും വളരെയധികം കഷ്ടപ്പെടണം എന്ന് ചിന്തിക്കുന്ന ആളുകളാണ്',
'സാധാരണ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതം മുഴുവന്‍ ആര്‍ക്കെങ്കിലും വേണ്ടി മാറ്റേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കില്‍ ശാരീരികമായി നീങ്ങേണ്ടി വന്നേക്കാം. അല്ലെങ്കില്‍ ആ വ്യക്തിയെ മനസിലാക്കാന്‍ സഹായിക്കുന്ന പല കാര്യങ്ങളും ചെയ്യേണ്ടി വന്നേക്കാം'.പക്ഷേ ഇവിടെ ഞാന്‍ എനിക്കായി ഒരു ലോകം ഉണ്ടാക്കിയെടുക്കുകയായിരുന്നു, ഞാന്‍ ഒന്നും ചെയ്യാതെ തന്നെ എന്റെ ആ ലോകത്തെ മനസ്സിലാക്കാന്‍ ആ വ്യക്തിക്ക് കഴിഞ്ഞു. ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണ്', തമന്ന പറഞ്ഞു.
തമന്നയും വിജയ് വര്‍മയും ഒന്നിച്ചെത്തുന്ന ലസ്റ്റ് സ്റ്റോറീസ് 2 ജൂണ്‍ 29 മുതലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ആര്‍.ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, അമിത് രവീന്ദര്‍നാഥ് ശര്‍മ, സുജോയ് ഘോഷ് എന്നിവരുടെ ഹ്രസ്വചിത്രങ്ങളടങ്ങിയ ആന്തോളജി സിനിമയാണിത്. അമൃത സുഭാഷ്, അംഗദ് ബേദി, കാജോള്‍, കുമുദ് മിശ്ര, മൃണാല്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ദിലീപ് നായകനാകുന്ന മലയാള ചിത്രം ബാന്ദ്ര അടക്കം നിരവധി സിനിമകള്‍ തമന്നയുടേതായി അണിയറയില്‍ ഉണ്ട്.