മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമയുടെ പൂജയും ചിത്രീകരണവും കൊച്ചിയിൽ നടന്നിരിക്കുകയാണ്. അതേസമയം താരരാജാവിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ഭാര്യ സുചിത്ര ആശംസ നേരുകയും ചെയ്തു.
‘ഞാൻ ഇവിടെ വന്ന് സംസാരിക്കുന്നത് ചേട്ടന് തന്നെ ഒരു സർപ്രൈസ് ആയിരിക്കും. ഇന്നലെ ആന്റണി എന്റെ അടുത്ത് ചോദിച്ചിരുന്നു, സംസാരിക്കാമോ എന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്നാണ് പറഞ്ഞത്. പിന്നെ ഞാൻ വിചാരിച്ചു സംസാരിക്കണമെന്ന്. ഇക്കാലമത്രയും ഞാൻ പിറകിലെ ഒരു സീറ്റിൽ മാത്രം ഇരിക്കാൻ ശ്രമിച്ച ആളായിരുന്നു. അപ്പുവിന്റെ ആദ്യ സിനിമ വന്നപ്പോൾ ഞാൻ സ്‌റ്റേജിൽ വരികയും സംസാരിക്കുകയും ചെയ്തു. ഇന്ന് ഇത് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും മനോഹരമായ ഒരു ദിവസമാണ്.
ഒരു ഡയരക്ടർ എന്ന നിലയിൽ അദ്ദേഹം തുടക്കം കുറിക്കുകയാണ്. ഇത് നല്ലൊരു തുടക്കമാവട്ടെ.നവോദയ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞപൂവിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് വെറുപ്പായിരുന്നു. വില്ലനായി അഭിനയിച്ച അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടപ്പോൾ എനിക്ക് വെറുപ്പായിരുന്നു തോന്നിയത്.നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. അപ്പോൾ അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ഓരോ സിനിമകളോടും ഇഷ്ടം തോന്നി. പിന്നീട് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്തു. ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല നടൻ അദ്ദേഹമായി.