ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് ആറ് പതിറ്റാണ്ടോളം വിസ്മയിപ്പിച്ച പ്രിയ ഗായികയാണ് എസ്. ജാനകി. വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആണ് ആരാധകർക്കായി ജാനകിയമ്മ സമ്മാനിച്ചതും. എന്നാൽ ഇന്ന് തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകിക്ക് ഇന്ന് 83 ആം പിറന്നാൾ ദിനമാണ്. നിരവധി ആരാധകരും സഹ ഗായകരുമെല്ലാം ജാനകിഅമ്മയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ പിറന്നാൾ ദിനത്തിൽ ഗായിക കെ എസ് ചിത്ര ജാനകി അമ്മയെ കുറിച്ച് പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. പരിചയപ്പെട്ടത് മുതൽ തന്നെ എന്നെ വലിയ കാര്യമാണ് ജാനകിയമ്മയ്ക്ക്. പാട്ടിൽ എന്തൊക്കെ നന്നാക്കാം, സ്റ്റേജിലും പ്ലേ ബാക്ക് പാടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ പറഞ്ഞും തിരുത്തിയും തന്നിട്ടുണ്ട്. അതിനെക്കാളുമൊക്കെ അപ്പുറത്ത് ഒരു അമ്മയുടെ സ്നേഹം തന്നിട്ടുണ്ട് എന്നുമാണ് ഗായിക ചിത്ര കുറിച്ചത്.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ ആയിരുന്നു നിർണായക പങ്കു വഹിച്ചതും. അമ്മാവന്റെ നിർദ്ദേശ പ്രകാരം പിൽക്കാലത്ത് സംഗീത പഠനത്തിനായി മദര്സിലേക്ക് ചേക്കേറുകയും ചെയ്തു. തുടർന്ന് ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ആരാധക ശ്രദ്ധ നേടുന്നതും. പിന്നാലെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിക്കുകയും ചെയ്തു.
1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ അമൃതവര്ഷം പോലെ തിങ്ങി നിൽക്കുകയും ചെയ്തു. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങൾ ഗായികയെ തേടി ഇടതുകയും ചെയ്തിട്ടുണ്ട്.