മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്ന താരമാണ് സീമ ജി നായര്‍. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവയ്ച്ചത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യൂവിന്റെ കുടുംബത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. . താന്‍ പങ്കുവെക്കുന്ന ഓര്‍മ്മകള്‍ ഒരു രാഷ്ട്രീയ കുറിപ്പല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
സീമാ ജി നായരുടെ വാക്കുകളിലേക്ക്:
ഞാനും ഒരമ്മയാണ്... ഇന്ന് അഭിയുടെ ഓര്‍മ ദിനം (അഭിമന്യു ).. നാന്‍ പെറ്റമകന്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു എനിക്ക് വട്ടവടയില്‍ അഭിയുടെ ജന്മസ്ഥലത്തു പോകേണ്ടി വന്നു.
അവന്‍ ജനിച്ച വീടും, ഓടിക്കളിച്ച വഴികളും, അവന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന, സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയ ആ ഗ്രാമത്തിലേക്കുള്ള എന്റെ യാത്ര വിങ്ങുന്ന മനസ്സോടെ ആയിരുന്നു. ആ വീട്ടില്‍ തന്നെയായിരുന്നു ഷൂട്ടും. ആദ്യമായി അവിടെ ചെല്ലുമ്ബോള്‍ കണ്ട കാഴ്ച്ച.. അവന്റെ ഫോട്ടോയുടെ മുന്നില്‍ രാവിലെ കാപ്പിയും ബിസ്ക്കറ്റും ലഡുവും വെച്ചിരിക്കുന്നു.. അഭിയുടെ അമ്മയും ഉണ്ട് അതിന്റെ അടുത്ത്.
അവന്റ അമ്മയുടെ റോള്‍ ആയിരുന്നു സിനിമയില്‍ എനിക്ക്. പിന്നെയുള്ള ഓരോ ദിവസവും ഓരോ അനുഭവങ്ങള്‍ ആയിരുന്നു.. കണ്ണുകള്‍ നിറഞ്ഞു കവിയാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. അവര്‍ക്കു കേറി കിടക്കാന്‍ വീടും അഭിയുടെ പേരില്‍ അവന്‍ ആഗ്രഹിച്ചത് പോലെ വട്ടവടയില്‍ എല്ലാ സൗകര്യങ്ങളോടെ ഒരു വലിയ ലൈബ്രറിയും പെങ്ങളുടെ കല്യാണവും എല്ലാം നടന്നു.. പക്ഷെ അഭി മാത്രം ഉണ്ടായിരുന്നില്ല.
ആ ജീവന്‍ ഇല്ലാതാക്കിയവര്‍ എന്ത് നേടി, എന്ത് സന്തോഷവും സമാധാനവും ആണ് അവര്‍ക്ക് കിട്ടിയത്. ആ അമ്മയുടെ മരണം വരെ അവനെയും കാത്തു ചോറും കറിയും ഉണ്ടാക്കി അവനു ഇഷ്ടപ്പെട്ട ആഹാരങ്ങളും ഉണ്ടാക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്റെ അമ്മ.. ഒരിക്കലും തിരിച്ചു വരില്ലയെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ ഇരിക്കുന്ന ഒരമ്മ.
ആ നൊമ്ബര കാഴ്ച മരണം വരെ എന്നിലുണ്ടാവും.. ഇത് പോലെ പിടഞ്ഞു വീണ എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും ഓര്‍ത്തുകൊണ്ട് അഭിയുടെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട് രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാവല്ലേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഇതൊരു രാഷ്ട്രീയ കുറിപ്പല്ല എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ എന്ന അമ്മയുടെ ആത്മനൊമ്ബരകുറിപ്പ് മാത്രമാണിതെന്നു ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.. ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ട്, പക്ഷേ പറ്റുന്നില്ല. സീമാ ജി നായര്‍ കുറിച്ചു.