മലയാളത്തിന്റെ പ്രിയ നടിയാണ് ശാന്തി കൃഷ്‌ണ. കേരളത്തില്‍ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ലെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് താരം. ഓണത്തിന്റെ ലഹരി പൂര്‍ണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്തായിരുന്നുവെന്നും അതിന്റെ കൗതുകം വളരെ വലുതായിരുന്നുവെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
'ബോംബയിലെ കുട്ടിക്കാലത്ത് ഫ്ലാറ്റിലെ ഓണമായിരുന്നു ഞങ്ങള്‍ക്ക്. മലയാളികള്‍ കുറവാണ്. കൂടുതലും തമിഴര്‍ അത് കൊണ്ട് കൂട്ടം ചേര്‍ന്നുള്ള ആഘോഷം ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഒന്നിച്ച് കൂടി പൂക്കളമിട്ട് സദ്യയൊക്കെ ഒരുക്കും. അപൂര്‍വമായേ അക്കാലത്ത് കേരളത്തില്‍ വന്നു ഓണം ആഘോഷിച്ചിട്ടുള്ളൂ. ഓണത്തിന്റെ ലഹരി പിന്നീട് പൂര്‍ണമായും അനുഭവിച്ചത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്താണ്. നാട്ടിന്‍ പുറമായതിനാല്‍ വലിയ ആഘോഷമാണ്. അതിന്റെ കൗതുകം വളരെ വലുതായിരുന്നു. ഓണാഘോഷ മത്സരങ്ങള്‍ക്ക് ജഡ്ജ് ആയിട്ടൊക്കെ പോയിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരുവില്‍ വീടിനുള്ളില്‍ ഒതുങ്ങുന്ന ഓണമേയുള്ളൂ. കേരളത്തില്‍ കിട്ടുന്ന ഓണത്തിന്റെ ഓളം ലോകത്ത് എവിടെ ആഘോഷിച്ചാലും കിട്ടില്ല. ശാന്തി കൃഷ്ണ പറയുന്നു.
മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന താരം മികച്ച ഒരു നർത്തകി കൂടിയായിരുന്നു. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. തുടർന്ന് ഇന്നും മലയാള സിനിമയിൽ താരത്തെ തേടി അവസരങ്ങൾ എത്തുകയും ചെയ്‌തു.