കന്നഡ സിനിമ 'കെഡി'യുടെ ചിത്രീകരണത്തിന് ഇടയില്‍ സഞ്ജയ് ദത്തിന് പരുക്കേറ്റ് എന്ന വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി നടന്‍. തനിക്ക് പരിക്കേറ്റതായി വാര്‍ത്ത കണ്ടെന്നും അത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമാണ് നടന്‍ പറഞ്ഞത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സഞ്ജയ് ഇക്കാര്യം കുറിച്ചത്.
'എനിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ദൈവാനുഗ്രഹത്താല്‍ ഞാന്‍ സുഖവും ആരോഗ്യവാനും ആണ്. ഞാന്‍ കെഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. എന്റെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ടീം കൂടുതല്‍ ശ്രദ്ധാലുവാണ്. നിങ്ങളുടെ ഉത്കണ്ഠയ്ക്കും കരുതലിനും എല്ലാവര്‍ക്കും നന്ദി'. സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു.
ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍ ബോംബ് സ്‌ഫോടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് താരത്തിന് പരുക്കേറ്റത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫൈറ്റ് മാസ്റ്റര്‍ രവി വര്‍മ്മയാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രാഥമിക ചികിത്സ തേടിയതിന് ശേഷം സഞ്ജയ് ദത്ത് വീണ്ടും അഭിനയിക്കാനെത്തിയിരുന്നതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
പ്രേമിന്റെ സംവിധാനത്തില്‍ വരുന്ന ആക്ഷന്‍ ഡ്രാമ സിനിമയാണ് 'കെഡി'. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. ധ്രുവ സര്‍ജ നായകനാവുന്ന സിനിമയാണ് 'കെഡി ദി ഡെവില്‍'. ശില്‍പ ഷെട്ടിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലെ സഞ്ജയ് ദത്തിന്റെ വില്ലന്‍ കഥാപാത്രം വലിയ ശ്രദ്ധനേടിയിരുന്നു. 'കെജിഎഫി'ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമകൂടിയാണ് 'കെഡി'.