Latest News

എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതി; മേനോന്‍ എന്ന ജാതി വാല്‍ മുന്‍പ് ഉണ്ടായിരുന്നു; സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് കുറച്ചു നാള്‍ മുന്‍പ് തന്നെ ഞാന്‍ ഒഴിവാക്കി; പേരിനൊപ്പമുള്ള ജാതി വേണ്ടെന്ന് നടി സംയുക്ത

Malayalilife
എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതി; മേനോന്‍ എന്ന ജാതി വാല്‍ മുന്‍പ് ഉണ്ടായിരുന്നു; സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് കുറച്ചു നാള്‍ മുന്‍പ് തന്നെ ഞാന്‍  ഒഴിവാക്കി; പേരിനൊപ്പമുള്ള ജാതി വേണ്ടെന്ന് നടി സംയുക്ത

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായി എത്തിയ സംയുക്ത ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. ഇന്ന് മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും സംയുക്ത സാന്നിദ്ധ്യം അറിയിച്ചു. തെലുങ്കില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് സംയുക്ത ശ്രദ്ധ നേടിയത്. തന്റെ സിനിമ ജീവിതത്തെ കുറിച്ചൊക്കെ സംയുക്ത പല അഭിമുഖങ്ങളിലും തുറന്നുപറയാറുണ്ട്.

ഇപ്പോളിതാ പേരില്‍നിന്ന് 'മേനോന്‍' ഒഴിവാക്കുന്നുവെന്ന് നടി സംയുക്ത അറിയിച്ചിരിക്കുകയാണ്. ധനുഷ് നായകനായ, റിലീസിന് തയാറെടുക്കുന്ന 'വാത്തി' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ ഇനി 'മേനോന്‍' ചേര്‍ത്തു വിളിക്കരുതെന്ന് സംയുക്ത പറഞ്ഞത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നു കുറച്ചു നാള്‍ മുന്‍പു തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.

ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തക സംയുക്ത മേനോന്‍ എന്നു വിളിച്ചപ്പോള്‍, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് നടി പറയുകയായിരുന്നു. ''എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതി. മേനോന്‍ എന്ന ജാതി വാല്‍ മുന്‍പ് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ എന്റെ പേരില്‍നിന്ന് 'മേനോന്‍' നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് കുറച്ചു നാള്‍ മുന്‍പ് തന്നെ ഞാന്‍ ജാതി വാല്‍ ഒഴിവാക്കിയിരുന്നു''- സംയുക്ത പറയുന്നു.

മീഡിയ പോര്‍ട്ടലുകളിലും മറ്റും സംയുക്ത മേനോന്‍ എന്നതിനുപകരം സംയുക്ത എന്നു വിളിക്കണമെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. സംയുക്തയുടെ തീരുമാനത്തിന് ധാരാളം പേര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്.

മലയാളത്തില്‍ 'കടുവ'യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്. ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന 'വാത്തി'യില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.

ഇതിന് മുമ്പ് നടി പാര്‍വതിയാണ് പേരിനൊപ്പമുള്ള ജാതിവാല്‍ മുറിച്ചുമാറ്റിയ മറ്റൊരു നടി. ഒരു കാലത്ത് സിനിമയ്ക്കകത്ത് പാര്‍വ്വതി മേനോന്‍ എന്നാണ് ഈ നടി അറിയപ്പെടുന്നത്. എന്നാല്‍ താന്‍ മേനോന്‍ അല്ലെന്നും പേരിന് പിന്നില്‍ എങ്ങനെ മേനോന്‍ വന്നെന്നും അറിയില്ലെന്നാണ് പാര്‍വ്വതി പിന്നീട് അറിയിച്ചത്. ഇപ്പോള്‍ പാര്‍വതി തിരുവോത്ത് എന്നാണ് അറിയപ്പെടുന്നത്.

Samyuktha has made an open statement that she does not like to be identified by her caste

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES