തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന 'ശിവന്‍സ് കള്‍ച്ചറല്‍ സെന്റര്‍' ജൂണ്‍ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് ബഹു.സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ രമേഷ് ചെന്നിത്തല, നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍, സംവിധായകരായ ടി.കെ രാജീവ്കുമാര്‍, ഷാജി എന്‍ കരുണ്‍ തുടങ്ങിയവരും പങ്കെടുക്കും.
കേവലം ഒരു കള്‍ച്ചറല്‍ സെന്റര്‍ എന്നതിലുപരി തിരുവനന്തപുരത്തെ ആദ്യ സാംസ്‌കാരിക ഹബ് ആണിത്. ഗ്രാമീണ കലാകാരന്മാരുടെയും, മറ്റ് ഇതര കലാ വിദഗ്ധരുടെയും നൈപുണ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രദര്‍ശന വേദികള്‍ ഒരുക്കുന്നതിലൂടെ സുസ്ഥിര ഉപജീവനമാര്‍ഗം, മെച്ചപ്പെട്ട കലാ പരിശീലനം എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തനം.
സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ നയിക്കുന്ന ദ്വിദിന ശില്‍പശാലയാണ് ശിവന്‍സ് കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യ പരിപാടി. ജൂണ്‍ 26, 27 തീയതികളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയേയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള ഈ പ്രത്യേക ശില്‍പശാലയില്‍ കാനോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെയും ഛായാഗ്രഹണത്തിന്റെയും കരകൗശലത്തിന്റെ വിവിധ വശങ്ങള്‍ പര്യവേക്ഷണം ചെയ്യുക എന്നതിനോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയുടെ ഒരു നേര്‍കാഴ്ച്ച എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. മാസത്തില്‍ വിവിധതരം കലാ പരിപാടികള്‍, എക്‌സിബിഷന്‍, ടോക് ഷോകള്‍ എന്നിവയാണ് പ്രധാനമായും കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
8921461449