Latest News

ഗ്ലാമറസ് വേഷം സിൽക്കിനെ യഥാർത്ഥത്തിൽ അടിച്ചേൽപ്പിച്ചതാണ്; അവർക്ക് സത്യത്തിൽ നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം; വെളിപ്പെടുത്തലുമായി പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഹീം പുവാട്ടുപറമ്പ്

Malayalilife
ഗ്ലാമറസ് വേഷം സിൽക്കിനെ യഥാർത്ഥത്തിൽ അടിച്ചേൽപ്പിച്ചതാണ്; അവർക്ക് സത്യത്തിൽ നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം; വെളിപ്പെടുത്തലുമായി പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഹീം പുവാട്ടുപറമ്പ്

രു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്കും അറിയാത്ത കഥയാണ്. യൗവ്വനത്തിന്റെ ലഹരി ആസ്വദിക്കുന്ന വേളയിലാണ് തന്റെ 36ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് സില്‍ക്ക് സ്മിത യാത്രയാകുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. എന്നാൽ ഇപ്പോൾ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമൊക്കെയായ റഹീം പുവാട്ടുപറമ്പ് സില്‍ക്കിനൊപ്പം ഒരു സിനിമ ചെയ്തതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

സുഖവാസം എന്ന സിനിമയുടെ കഥ ഒറ്റ രാത്രി കൊണ്ടാണ് ഞാന്‍ എഴുതിയത്. അന്ന് വിതരണക്കാരും നിര്‍മാതാക്കളുമായ അഭിനയ ഫിലിംസിനോട് ഞാന്‍ കഥ പറഞ്ഞു. അവര്‍ ആരൊക്കെയാണ് നായകനും നായികയുമെന്ന് ചോദിച്ചു. അറബിക്കടലോരം സിനിമയിലെ നായകനും നായികയും ആവട്ടെ എന്ന് പറഞ്ഞു. ചന്ദനമഴ സീരിയലിലൂടെ ശ്രദ്ധേയായ രൂപശ്രീയാണ് അന്ന് നായികയായി അഭിനയിച്ചത്. സഞ്ജയ് ആണ് നായകന്‍. അങ്ങനെ ആലോചിച്ചു. സോമന്‍, പപ്പു, മാമൂക്കോയ തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അത് നന്നായി ഓടിയ പടമാണ്.

സിനിമയുടെ റീ-റെക്കോര്‍ഡിങ് സമയത്ത് ഭരണിക്കാവ് ശിവകുമാറിനെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് കണ്ടുമുട്ടി. അദ്ദേഹത്തിന് ഈ സിനിമയുടെ പ്രിവ്യൂ കണ്ട് എനിക്ക് കൂടി ഒരു പാട്ട് എഴുതണമെന്ന് ആഗ്രഹമുണ്ട്. എന്താ ഒരു മാര്‍ഗമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇനിയെന്ത് മാര്‍ഗമാണ്. അടുത്ത പടത്തിലേക്ക് ആലോചിക്കാമെന്ന് സൂചിപ്പിച്ചു. പിന്നീട് മോഹന്‍സിത്താര എന്നെ വിളിച്ച് പറഞ്ഞു റഹീം ഭായ്, നമുക്ക് സില്‍ക്കിനെ കൂടി ഈ പടത്തിലേക്ക് വെച്ചാല്‍ എങ്ങനെ ഉണ്ടാവുമെന്ന്. ഞാന്‍ പറഞ്ഞു, രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ റിലീസ് അല്ലേ.

ഇനി വിചാരിച്ചാല്‍ നടക്കുമോന്ന്. നടക്കുമെന്ന് പറഞ്ഞ് വിതരണക്കാര്‍ തന്നെ രണ്ട് ലക്ഷം ചിലവിടാന്‍ തയ്യാറായി. മോഹന്‍സിത്താര സംഗീതം പകരും. പാട്ട് ആരെഴുതുമെന്ന് ചോദിച്ചപ്പോള്‍ ഭരണിക്കാവ് ശിവകുമാര്‍ എന്ന് പറഞ്ഞു. അപ്പോ എനിക്ക് സന്തോഷമായി. തലേ ദിവസം ഞാന്‍ വാക്ക് കൊടുത്തതാണ്. പുള്ളി കൂടി മുന്‍കൈ എടുത്താണ് അത് നടത്തിയത്. അങ്ങനെ എവിഎം സ്റ്റുഡിയോയില്‍ സില്‍ക്കിനെ വെച്ച് ആ പാട്ട് ഞങ്ങള്‍ ഷൂട്ട് ചെയ്തു. അന്ന് സില്‍ക്കിന് നാല്‍പതിനായിരം രൂപയാണ് പ്രതിഫലമെന്ന് തോന്നുന്നു. മേക്കപ്പിനും മറ്റുമായി പതിനായിരം രൂപയായി. പക്ഷേ ആ പാട്ട് സിനിമയില്‍ വന്നപ്പോഴെക്കും മറ്റൊരു ലെവലായി.

സിനിമാ വീക്ക്‌ലികളില്‍ നിറയെ സില്‍ക്കിന്റെ ഫോട്ടോയായി. ഈ രണ്ട് ലക്ഷം കൊണ്ട് നമ്മള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ ലാഭം ഉണ്ടായി. ശരിക്കും ലാഭം ലക്ഷ്യം വെച്ചാണ് ഗ്ലാമറ് വേഷത്തില്‍ സില്‍ക്കിനെ കൊണ്ട് വന്നത്. സിനിമയിലുള്ള പരിചയം വെച്ച് എന്നോട് സില്‍ക്ക് സംസാരിച്ചിരുന്നു. അടുത്ത പടമില്ലേ എന്ന് ചോദ്യത്തിന് ഫാഷന്‍ പരേഡ് എന്ന പേരിലൊരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. എന്നാ എനിക്ക് ഈ ക്ലബ്ബ് ഡാന്‍സ് അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നൊരു വേഷം തയ്യാറാക്കാന്‍ പറഞ്ഞു. പക്ഷേ നിങ്ങള്‍ വലിയ പ്രതിഫലം ചോദിക്കില്ലേ അത് തരാന്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു.

എത്ര തരാന്‍ പറ്റുമെന്ന അവരുടെ ചോദ്യത്തിന് മടിച്ചിട്ടാണെങ്കിലും ഒരു ലക്ഷ്‌മെന്ന് ഞാന്‍ പറഞ്ഞു. ആയിക്കേട്ടെ, എത്ര ദിവസം വേണമെന്ന് ചോദിച്ചു. ഏഴ് ദിവസം. ഒരു സിഐഡി ഓഫീസറുടെ വേഷമാണ്. വേഷം മാറി ഗ്ലാമാര്‍ താരമായി വരികയാണെന്ന് പറഞ്ഞു. ആ അപ്പോള്‍ എന്നെ വീണ്ടും ഗ്ലാമര്‍ താരമാക്കാന്‍ ആണോന്ന് ചോദിച്ചു. അല്ല, അതില്‍ ഫൈറ്റും ഡാന്‍സും ഒക്കെ ഉണ്ടെന്ന് ഞാന്‍ വ്യക്തമാക്കി. എന്നാല്‍ പൈസയുടെ കാര്യം നിങ്ങളോര്‍ക്കണ്ട. നിര്‍മാതാവിനെ താന്‍ തരാമെന്ന് വരെ അവര്‍ പറഞ്ഞു.

അതിന്റെ തെലുങ്കും തമിഴുമൊക്കെ ചെയ്യാനുള്ള അവകാശം അവര്‍ക്ക് വേണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് സില്‍ക്ക് മരിക്കുന്നത്. ഗ്ലാമറസ് വേഷം സില്‍ക്കിനെ അടിച്ചേല്‍പ്പിച്ചതാണ്. അവര്‍ക്ക് സത്യത്തില്‍ നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പിന്നെ അത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നെ വെച്ച് സെക്‌സ് പടങ്ങളെടുക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. പക്ഷേ എനിക്കതില്‍ മടുപ്പ് വന്നിട്ടുണ്ട്. സില്‍ക്കിനെ കൊണ്ട് നടക്കുന്നവരാണ് രക്ഷപ്പെട്ടത്. തിളങ്ങി നില്‍ക്കുന്ന സമത്ത് പോലും നടിയുടെ കുടുംബം കഷ്ടപ്പാടിലായിരുന്നു.

Rahim poovattumparamb words about silk smitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES