ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് പ്രിയങ്ക ചോപ്ര. ഒരു താരമെന്നതിലുപരി പ്രിയങ്കയുടെ പ്രതിച്ഛായ വളരെ വലുതാണ്. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി കൂടിയായ പ്രിയങ്കയ്ക്ക് നല്ല കഥകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം നിർമാതാവ് എന്ന നിലയിൽ വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ രണ്ടു വർഷ കരാറിൽ ആമസോണുമായി ഒപ്പുവച്ച നടി തന്റെ സ്വപ്നത്തിലേക്ക് ഒരു പടി കൂടി കയറിയിരിക്കുകയാണ്.
തുക എത്ര എന്ന് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും പ്രിയങ്കയും ആമസോണും കൂടി ലക്ഷങ്ങളുടെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. കരാറിൽ സന്തോഷം പ്രകടിപ്പിച്ച് ആമസോൺ സ്റ്റുഡിയോ മേധാവി ജെന്നിഫർ സൽകെയും പ്രിയങ്കയും രംഗത്ത് എത്തിയിരുന്നു. ലോകം അറിയുന്ന ഒരു നിർമാതാവ് കൂടിയായ പ്രിയങ്കയ്ക്ക് തന്റെ കഥകൾ ലോകം അറിയണം എന്ന ആഗ്രഹം അവർ നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു എങ്കിലും ഇപ്പോൾ ആമസോൺ അതിനുള്ള അവസരം ഒരുക്കുകയാണ്. ഈ കരാറിന്റെ ഗുണഫലങ്ങൾ അടുത്ത രണ്ടു വർഷം പ്രേക്ഷകർക്ക് ലഭിക്കും എന്നും സൽകെ പറഞ്ഞു. എന്നാൽ മികച്ച എഴുത്തുകാരുമായി സഹകരിക്കുകയാണ് എന്റെ ലക്ഷ്യം എന്നും വ്യക്തമാക്കി.
സ്ത്രീ കേന്ദ്രീകൃതമായ നല്ല കഥകൾ പറയുകയും അതിനുള്ള അവസരം ആമസോണിലൂടെ ലഭിക്കുമെന്നു എനിക്ക് വിശ്വാസമുണ്ട് . ശുഭപ്രതീക്ഷയുണ്ട്. ഈ കരാർ എന്റെ സ്വപ്നമാണ്. ഹിന്ദിയിൽ മാത്രമല്ല ഇംഗ്ലീഷിൽ മാത്രമല്ല ലോകത്തെ ഏത് ഭഷയിലും കഥ പറയാനുള്ള അവസരമാണ് ആമസോൺ ഒരുക്കിത്തരുന്നത്. അതാണ് എന്നെ ആവേശഭരിതയാക്കുന്ന ഘടകം എന്നും പ്രിയങ്ക വ്യക്തമാക്കി.
പ്രിയങ്ക തന്നെ ആരാധകരെ സമൂഹ മാധ്യമങ്ങൾ വഴി ഇക്കാര്യം അറിയിക്കുകയായിരുന്നു. 20 വർഷമായി എന്റെ യാത്ര തുടങ്ങിയിട്ട്, 60 സിനിമകൾ. ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാ നല്ല പ്രേക്ഷകർക്കും സമൂഹത്തിനും അഗാധമായ നന്ദി. ഇനിയും എന്നോടൊപ്പം ഉണ്ടാകണം. നല്ല കഥകൾ നമുക്ക് കാണണം ആസ്വദിക്കണം. അതിനെല്ലാമുള്ള അവസരം ഈ കരാറിലൂടെ ലഭിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം എന്നും പ്രിയങ്ക പറയുന്നു. താരത്തിന്റെ വാക്കുകളിൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.