സുശാന്തിന് മരണത്തിന് പിന്നാലെ ആരംഭിച്ച സിനിമാ മേഖലയിലെ ലഹരിമരുന്ന് മാഫിയക്ക് എതിരായ ഓപ്പറേഷന്റെ ഭാഗമായി നിരവധി താരങ്ങളാണ് പിടിയിലായത്. നടി റിയ ചക്രവര്‍ത്തിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇഡി വീണ്ടെടുത്തതോടെയായിരുന്നു മയക്ക് മരുന്ന് മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തിലേക്ക് അന്വേഷണം നീണ്ടത്. ഇക്കാര്യം അന്വേഷിക്കാന്‍ ഇഡി എന്‍സിബിയോട് ആവശ്യപ്പെടുകയായിപരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ നിരവധി ബോളിവുഡ് താരങ്ങള്‍ എന്‍സിബിയുടെ നിരീക്ഷണത്തിലേക്ക് വന്നിരുന്നു. ദീപിക പദുക്കോണ്‍, ശാരദ്ദ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കേസില്‍ എന്‍സിബി ചോദ്യം ചെയ്യുകയും ചെയ്തു.
ഇപ്പോള്‍ അഭിനേതാക്കളും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തില്‍ മറ്റൊരു കണ്ണികൂടി മുംബൈയില്‍ പിടിയിലായിരിക്കയാണ്. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്‌സ്തയായ താരമാണ് പ്രീതിക. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനിലാണ് പ്രീതിക ചൗഹന് പുറമെ അഞ്ച് പേരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുംബൈയിലെ വെര്‍സോവയില്‍ രണ്ട് സ്ഥലങ്ങളില്‍ മുംബൈ എന്‍സിബിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ചു നടത്തിയ റെയ്ഡിലാണ് അറസ്റ്റുകള്‍ ഉണ്ടായത്.മയക്ക് മരുന്ന് വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രീതികയുടെ അറസ്റ്റ്. ലഹരിമരുന്നുമായാണ് താരം നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. 100 ഗ്രാം കഞ്ചാവായിരുന്നു നടിയുടെ പക്കലുണ്ടായതെന്നാണ് സൂചന. നവംബര്‍ എട്ടുവരെ നടി കസ്റ്റഡിയില്‍ തുടരും.
മലയാളത്തിലും സംപ്രേക്ഷണം ചെയ്ത ഹനുമാന്‍ സീരിയലില്‍ സരസ്വതി ദേവിയായി പ്രീതിക ശ്രദ്ധനേടിയിട്ടുണ്ട്. മാ വൈഷ്‌ണോദേവി എന്ന സീരിയലില്‍ ഭൂമിദവിയായിട്ടാണ് താരമെത്തിയത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്‌ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
--