'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത 'പൂക്കാലം' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ യൂട്യൂബില്‍ ഇതിനകം തരംഗമായിട്ടുണ്ട്. അതിന് പിന്നാലെയാണ് സിനിമയുടെ സക്സസ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. നൂറു വയസുള്ള ഇട്ടൂപ്പിന്റേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പൂക്കാലം അവതരിപ്പിക്കുന്നത്.
വിജയരാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തിയിരിക്കുന്നത്. 'ആനന്ദ'ത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്റണിയും അരുണ്‍ കുര്യനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 'ആനന്ദ'ത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി. ചന്ദ്രനാണ് പൂക്കാലത്തിന്റേയും ക്യാമറമാന്‍. ആനന്ദത്തില്‍ മനോഹര ഗാനങ്ങള്‍ ഒരുക്കിയ സച്ചിന്‍ വാര്യരാണ് പൂക്കാലത്തിലും സംഗീതം ഒരുക്കിയിരിക്കുന്നത്.
ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അബു സലീം, റോഷന്‍ മാത്യു, സുഹാസിനി, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.