സല്മാന് ഖാന്‍ നായകനാകുന്ന 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21 നാണ് തിയേറ്ററുകളിലെത്തുന്നത്. നടി ശ്വേത തിവാരിയുടെ മകള്‍ പാലക് തിവാരിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പാലക് തിവാരി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സല്‍മാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമില്ലെന്ന് വെളിപ്പെടുത്തുകയാണ് പലക്. എല്ലാവരും വൃത്തിയായി വസ്ത്രം വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പലര്‍ക്കും ഇതിനെക്കുറിച്ച് അറിയുമെന്ന് തോന്നുന്നില്ല. സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ കഴുത്ത് നെഞ്ചിന് മുകള്‍ ഭാഗത്ത് ആയിരിക്കണം. തന്റെ സെറ്റിലെ എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും ശരീരം മറച്ച് ഇരിക്കണമെന്നാണ് സല്‍മാന്‍ പറയുന്നത്.
സെറ്റിലേയ്ക്ക് താന്‍ ടീഷര്‍ട്ടും ജോഗറും ധരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ ചോദിക്കും എവിടേക്കാണ് പോകുന്നത്? നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറയും അത് സല്‍മാന്‍ സാറിന്റെ സെറ്റിലെ നിയമമാണെന്ന്. വളരെ നല്ലത് എന്നാണ് അമ്മ മറുപടി പറയുക.'എന്നും പാലക് പറഞ്ഞു.
അതെന്താണ് ഇങ്ങനെ ഒരു നിയമം എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ് എന്നായിരുന്നു പാലകിന്റെ മറുപടി. ആര്‍ക്കും എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷെ തന്റെ സെറ്റിലെ പെണ്‍കുട്ടികളും സ്ത്രീകളും സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്, പ്രത്യേകിച്ച് അപരിചിതരായ പുരുഷന്മാര്‍ സെറ്റിലുണ്ടാകുമ്പോള്‍ എന്നും പാലക് വ്യക്തമാക്കി.
പാലകിന്റെ അഭിമുഖം ചര്‍ച്ചയായകുമ്പോള്‍ സല്‍മാന്‍ ഖാനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അതിനെ സംരക്ഷണം എന്ന് പറഞ്ഞ് ന്യായീകരിക്കാനാകില്ലെന്നും അഭിപ്രായം ഉയരുന്നു