ധ്രുവ് സര്ജ നായകനായി എത്തുന്ന പാന് ഇന്ത്യ ചിത്രം 'മാര്ട്ടിന്' ട്രെയിലര് പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയില് നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷന് ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലര് നല്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ധ്രുവ സര്ജ ചിത്രത്തിലെത്തുന്നത്. സ്ഫോടനാത്മകമായ ആക്ഷന് രംഗങ്ങളാല് സമ്പന്നമാണ് ട്രെയിലര്.
പാക്കിസ്ഥാന് ജയിലില് തടവിലാക്കപ്പെട്ട നായകന്റെ മാസ് എന്ട്രിയോടെയാണ് ട്രെയിലറിന്റെ തുടക്കം. ദേശസ്നേഹത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. മാര്ട്ടിന് വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സര്ജയെ കാണാനാകുക.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്ജുന് സര്ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്പ്രൈസിന്റെ ബാനറില് ഉദയ് കെ മെഹ്തയാണ് നിര്മിക്കുന്നത്. സംഗീതം രവി ബസ്രൂര്, മണി ശര്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റര് കെ.എം. പ്രകാശ്. ധ്രുവ സര്ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്, നികിറ്റിന് ധീര്, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്