നടന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. തികഞ്ഞ നര്‍മ്മബോധവും ഫാഷന്‍ സെന്‍സുമെല്ലാം ഈ ഉമ്മയില്‍ നിന്നുമാണ് മമ്മൂട്ടിയ്ക്ക് പകര്‍ന്നു കിട്ടിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. അമ്മയുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള ആളായിരുന്നു മമ്മൂട്ടി. ഉമ്മയുടെ പൊന്നോമന പുത്രന്. ഏതു ഷൂട്ടിംഗ് കഴിഞ്ഞു വന്നാലും തിരക്കുകള്‍ ഒഴിഞ്ഞു വന്നാലും ഉമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്ന് വിശേഷങ്ങള്‍ പറയാന്‍ മമ്മൂട്ടി ഒരിക്കലും മറന്നിരുന്നില്ല.
ഈ നോയമ്പുകാലവും ഉമ്മയ്ക്കൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തവേയാണ് ഉമ്മയെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉമ്മയ്ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസങ്ങളൊക്കെയും. സിനിമാതിരക്ക് കഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമല്ല കുടുംബത്തിനൊപ്പമാണ് യാത്ര പോവേണ്ടതെന്നാണ് മമ്മൂട്ടി പറയാറുള്ളത്. എപ്പോഴും നമ്മളെക്കുറിച്ചാലോചിച്ച് നമ്മളെ മിസ് ചെയ്തിരിക്കുന്നവരല്ലേ കുടുംബാംഗങ്ങള്‍. അതിനാല്‍ അവരെ ആദ്യം പരിഗണിക്കണമെന്നാണ് മമ്മൂട്ടി പറയാറുള്ളത്. അത് അക്ഷരംപ്രതി അനുസരിക്കാറുള്ള മമ്മൂട്ടി ഉമ്മയുടെ വിയോഗം നല്കിയ കടുത്ത വേദനയിലാണ് ഇപ്പോഴുള്ളത്.
എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ എന്റെ ഉമ്മക്കറിയില്ലെന്നുമായിരുന്നു മമ്മൂട്ടി തന്റെ ഉമ്മയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലായി മാറിയിട്ടുണ്ട്. ഭാഗ്യം ചെയ്ത അമ്മയല്ലേ, മലയാളത്തിന്റെ പുണ്യവതിയായ ഉമ്മ ഫാത്തിമ ഉമ്മ, മമ്മൂക്ക എല്ലാ അര്‍ത്ഥത്തിലും ഭാഗ്യവാനാണ് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.
നടന് ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്മാന്, അഷ്കര്‍ സൗദാന്‍, മഖ്ബൂല്‍ സല്മാന് എന്നിവരുടെ മുത്തശ്ശിയാണ്. കോട്ടയം ചെമ്പ് പരേതനായ പാണപറമ്പില്‍ ഇസ്മായേലിന്റെ പത്നിയാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് ചെമ്പ് ജും ആ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഉമ്മയുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് ഈ താരകുടുംബം. മമ്മൂട്ടിയുടെ മാത്രമല്ല, കൊച്ചുമകന്റെയും സിനിമാപ്രവേശനം ആഘോഷമാക്കിയ ഉമ്മയായിരുന്നു ഫാത്തിമാ. ദുല്‍ഖറിന്റെ പ്രിയപ്പെട്ട ഉമ്മൂമ്മയായിരുന്നു ഫാത്തിമ. മമ്മൂക്കയ്ക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും സിനിമാ പ്രവേശനം നടത്തിയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചതും ഈ ഉമ്മൂമ്മയായിരുന്നു. സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു താരപുത്രന്. തന്റെ പേരിലല്ല മകന് അറിയപ്പെടേണ്ടത് എന്ന മമ്മൂട്ടിയുടെ നിലപാട് മനസ്സിലാക്കിയ ദുല്‍ഖര്‍ അത് പാലിക്കുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തന്നിലെ അഭിനേതാവിനെ രേഖപ്പെടുത്തി മുന്നേറുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ മകളായ മറിയം അമീറ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അവര്‍ രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ പകര്‍ത്താന്‍ തനിക്കേറെ ഇഷ്ടമാണെന്ന് മകനും പറഞ്ഞിരുന്നു.