മലയാള സിനിമാ ബോക്സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയനായകന്‍ ദിലീപ് - റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ട്രെയ്ലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ നടന്‍ മമ്മൂട്ടി ട്രെയ്ലര്‍ റിലീസ് ചെയ്തത്..ചിത്രത്തില്‍ നായകനായ ദിലീപ് ഉള്‍പ്പെടെ നിരവധി താരങ്ങളും സംവിധായകരും നിര്‍മാതാക്കളും പരിപാടിക്ക് എത്തിയിരുന്നു. മമ്മൂട്ടിയും ദിലീപും ഒരേ വേദിയില്‍ എത്തിയത് ആരാധകര്‍ക്കും ആവേശമായി.
ചടങ്ങില്‍ ദീലിപ് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ നേരിടുന്ന ഒരാളാണ് താന്‍. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളില്‍ തന്നോടൊപ്പം നില്‍ക്കുന്ന പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നടന്‍ പറഞ്ഞു.
'കുറേ നാളുകള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയേറ്ററില്‍ വരുന്നത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റാഫി മെക്കാര്‍ട്ടിന്‍ സിനിമകളാണ് എന്നെ ജനപ്രിയമാക്കിയതില്‍ പങ്ക് വഹിച്ച ചിത്രങ്ങള്‍. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്.''
'എല്ലാ തരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകള്‍ നല്‍കിയ എല്ലാരെയും ഞാന്‍ ആദരിക്കുന്നു. എനിക്ക് വേണ്ടി സിനിമ എഴുതിയ, സംവിധാനം ചെയ്ത, നിര്‍മ്മിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.''
''ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നില്‍ക്കുന്ന എന്റെ പ്രേക്ഷകര്‍ക്കും എന്റെ ഫാന്‍സിനും ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാന്‍. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്പോള്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാം, ഉണ്ടാവും.''
'സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാല്‍, ഈ മുപ്പത് വര്‍ഷക്കാലം എന്നെ നിലനിര്‍ത്തിയ പ്രേക്ഷകര്‍ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു. തിയറ്ററില്‍ വന്നു തന്നെ എല്ലാവരും സിനിമ കാണണം. പ്രേക്ഷകരാണ് എന്റെ ശക്തി'' എന്നാണ് ദിലീപ് പറഞ്ഞത്.