ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. കുറുപ്പ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ചിത്രം.
ചിത്രം ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തുമെന്ന് സൂചന. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. കിങ് ഓഫ് കൊത്തയുടെ ടീസര്‍ ഉടന്‍ എത്തുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ക്ലൈമാക്സ് തൃപ്തികരമല്ലാത്തതിനാല്‍ മാറ്റാന്‍ ആലോചനയുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഈയാഴ്ച തന്നെ എത്തിയേക്കും. നടി ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഛായാഗ്രാഹകന്‍ ആയിരുന്നു നിമീഷ് രവിയും അരവിന്ദ് എസ് കശ്യപും ചേര്‍ന്നാണ് ക്യാമറ.ആര്‍ ബല്‍കി സംവിധാനം ചെയ്ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര.സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.