തന്റെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റതിന് പിന്നാലെ കന്നഡ താരം ദര്‍ശന്‍ തൊഗുദീപക്കെതിരെ കേസ്. താരത്തിന്റെ സഹായിയായ വ്യക്തിയുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെ വളര്‍ത്തുനായകള്‍ തന്നെ ആക്രമിക്കു കയായിരുന്നുവെന്നും യുവതി ആരോപിച്ചു. ബംഗളൂരുവിലെ ആര്‍.ആര്‍നഗറില്‍ ഒക്ടോബര്‍ 28നായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ദര്‍ശന്‍ തൊഗുദീപിന്റെ വസതിക്ക് സമീപത്ത് നടന്ന ചടങ്ങില്‍ യുവതി പങ്കെടുത്തിരുന്നു. താരത്തിന്റെ വസതിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ വാഹനത്തിനടുത്തായി മൂന്ന് നായ്ക്കളെ കണ്ടിരുന്നു. നായകളെ മാറ്റണമെന്നും തനിക്ക് വാഹനമെടുക്കാനാണെന്നും യുവതി പറഞ്ഞതോടെ വാഹനം എന്തിനാണ് ഇവിടെ പാര്‍ക്ക് ചെയ്തത് എന്ന് ചോദിച്ച് പരിചാരകന്‍ യുവതിയോട് കയര്‍ക്കുകയായിരുന്നു. നായകളുടെ പരിചാരകനായ വ്യക്തിയുമായി യുവതിയും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് നായ്ക്കള്‍ തന്നെ ആക്രമിച്ചതെന്നും നായ്ക്കളെ തടയാന്‍ ജീവനക്കാരന്‍ ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി ആരോപിച്ചു.
നായയുടെ ആക്രമണത്തില്‍ യുവതിയുടെ വയറിന് കടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ ദര്‍ശനെതിരെയും പരിചാരകനെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 189-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രാജരാജേശ്വരി പോലീസാണ് കേസെടുത്തിരിക്കുന്നത്.