അഭിനയലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുക്കുന്നുവെന്ന ബോളിവുഡ് നടി സന ഖാന്റെ പ്രഖ്യാപനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അതുവരെയുണ്ടായിരുന്ന ഗ്ലാമറസ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് ഹിജാബും ബുര്‍ഖയും ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സന ഖാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ആത്മീയ ലോകത്തേക്ക് ജീവിതം മാറ്റിയിരിക്കുകയാണ് നടി സനാഖാന്‍. മതപരമായ കാരണങ്ങളാലാണ് താന്‍ വിനോദ വ്യവസായത്തില്‍ നിന്നും പിന്മാറിയതെന്ന് അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ ഹിജാബ് ധരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും സന തുറന്നു പറഞ്ഞു.
എന്റെ മുന്‍കാല പ്രശസ്തിയില്‍ എനിക്കെല്ലാമുണ്ടായിരുന്നു. പേര്, പ്രശസ്തി, പണം ആഗ്രഹിച്ചതെല്ലാം ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഒരു കാര്യം മാത്രം നഷ്ടപ്പെട്ടു, സമാധാനം. ജീവിതത്തില്‍ എല്ലാം ഉള്ളതുപോലെയായിരുന്നു. പക്ഷേ, സന്തോഷിക്കാന്‍ മാത്രം കഴിഞ്ഞില്ല. വിഷാദം പിടിച്ച ദിവസങ്ങളായിരുന്നു. 2019 ലെ റംസാന്‍ കാലത്ത് സ്വപ്നത്തില്‍ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെടും.
കത്തിജ്വലിക്കുന്ന ശവക്കുഴിയില്‍ തന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ തന്റെ അവസാനം ഇങ്ങനെയായിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയതാണെന്ന് തോന്നി. അല്‍പം പേടിപ്പിക്കുന്നതായിരുന്നു അത്. പ്രചോദനാത്മകമായ എല്ലാ ഇസ്ലാമിക പ്രഭാഷണങ്ങളും കേള്‍ക്കുമായിരുന്നു. ഒരു രാത്രി ഏറ്റവും മനോഹരമായ ഒരു വാക്യം വായിച്ചത് ഇന്നും ഓര്‍ക്കുന്നു.
നിങ്ങളുടെ അവസാന ദിവസം ഹിജാബ് ധരിക്കുന്നതിന്റെ ആദ്യ ദിവസമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സന്ദേശം. ആ വാക്യം ഹൃദയത്തില്‍ സ്പര്‍ശിച്ചു. ഇനിയുള്ള ജീവിതത്തില്‍ ഹിജാബ് നീക്കം ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. അടുത്ത ദിവസം എന്റെ പിറന്നാളായിരുന്നു.
ധാരാളം സ്‌കാര്‍ഫ് ആ സമയത്ത് താന്‍ വാങ്ങാറുണ്ടായിരുന്നു. സ്‌കാര്‍ഫ് ധരിച്ച് ഇനിയൊരിക്കലും ഇത് നീക്കം ചെയ്യില്ലെന്ന് സ്വയം തീരുമാനമെടുത്തു'. തനിക്കുണ്ടായ മാറ്റത്തില്‍ വളരെ സന്തോഷവതിയാണെന്നും ഇനിയൊരു തിരിച്ചു പോക്കോ ഹിജാബ് നീക്കം ചെയ്യുകയോ ഇല്ലെന്നും സന പറയുന്നു.
സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു സന ഖാന്റെ പ്രഖ്യാപനം. ആത്മീയതയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലെ പുതിയ വീഡിയോയിലൂടെയാണ് സന വ്യക്തമാക്കിയത്.അഭിനയ ലോകം ഉപേക്ഷിച്ചതിനു പിന്നാലെ സന ഖാന്‍ വിവാഹിതയായി. 2020 ലാണ് മുഫ്തി അനസ് സയ്യിദുമായുള്ള സനയുടെ വിവാഹം. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങളും ആത്മീയ യാത്രകളുമെല്ലാം സന ഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.2020 നവംബറില്‍ സൂറത്തിലെ ബിസിനസ്‌കാരനായ അനസ് സയിദിനെ ആണ് സന വിവാഹം കഴിച്ചത്. ശേഷം ഹയ ബൈ സന എന്ന വസ്ത്ര കമ്പനിയുള്‍പ്പെടെയുള്ള സംരഭങ്ങളും സനആരംഭിച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു സന. സന ഇതു വരെ അഞ്ചു ഭാഷകളിലായി 14ഓളം ചലച്ചിത്രങ്ങളിലും 50ഓളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് സ്മിതയുടെ ജീവിതം കേന്ദ്രീകരിച്ചെടുക്കുന്ന ക്ലൈമാക്‌സാണ് സനയുടെ ആദ്യ മലയാളചിത്രം.
2019 ല്‍ കൊറിയോഗ്രാഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം സന മാനസികമായി തകര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരു്ന്നു. മെല്‍വിന്‍ ലൂയിസ് തന്നെ വഞ്ചിക്കുകയായിരുന്നെന്നും സന അന്ന് ആരോപിച്ചിരുന്നു. ഈ ബ്രേക്ക് അപ്പിന് ശേഷമാണ് സന താന്‍ ലൈം ലൈറ്റില്‍ നിന്നും മാറുകയാണെന്ന് പ്രഖ്യാപിച്ചത്.