മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂള്‍ ലഡാക്കില്‍ പൂര്‍ത്തിയായി. ലഡാക്കില്‍നിന്ന് ഇന്നലെ കൊച്ചിയില്‍ എത്തിയ മോഹന്‍ലാല്‍ ഇന്ന് ജോഷി ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ലഡാക്കിലും ഡല്‍ഹിയിലുമാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് നടന്നത്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളില്‍ സിനിമയ്ക്ക് ഷൂട്ടിംഗ് ഉണ്ടെന്നാണ് വിവരം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ലൂസിഫര്‍.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ താരനിരയിലുണ്ട്.ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
ലൈക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള ചിത്രമാണ്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മുരളി ഗോപിയാണ് രചന.