അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് തുറന്ന് പറഞ്ഞ നടന്‍ ഫഹദ് ഫാസിലിന്റെ വാക്കുകളെ ചുറ്റിപ്പറ്റി നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു.
കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.എഡിഎച്ച്ഡി എന്നൊരു രോഗാവസ്ഥയുണ്ട്. ചെറുപ്പത്തിലെ കണ്ടുപിടിച്ചാല്‍ ഈസിയായി മറും. എനിക്ക് നാല്‍പ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയത്. ചില രീതിയിലുള്ള ഡിസോര്‍ഡറുകള്‍ എനിക്കുണ്ട്. ഇന്ന് ഞാന്‍ ഇവിടെ കണ്ട കുറേ മുഖങ്ങളുണ്ട്. ഒരുപക്ഷേ ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഖങ്ങള്‍. ആ മുഖങ്ങളിലൂടെ എന്തോ വെളിച്ചം ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വെളിച്ചത്തില്‍ ഇന്ന് പീസ് വാലിയില്‍ എന്നെ എത്തിച്ച ജഗദീശ്വരനോട് നന്ദി പറയുന്നു.
ഇനി പീസ് വാലിയുടെ അങ്ങോട്ടുള്ള യാത്രയില്‍ എന്നെക്കൊണ്ട് ആകുന്ന രീതിയില്‍ എല്ലാ സഹകരണവും ചെയ്യാം. എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ മതി. എന്താ ഞാന്‍ നിങ്ങളോട് പറയേണ്ടത്? എന്നെ കാണുമ്പോ നിങ്ങള്‍ക്ക് ചിരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതാണ് എനിക്ക് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. നിങ്ങളിലൊരാളാണ് എന്നാണ് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നത്. അതുകൊണ്ട് യാത്രയില്‍ ഇനിയും നമുക്ക് പരസ്പരം കണ്ടുമുട്ടാമെന്ന് വിശ്വസിക്കുന്നു.'- ഫഹദ് പറഞ്ഞു.
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോര്‍ഡര്‍ ആണ് എ ഡി എച്ച് ഡി. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അശ്രദ്ധയും ഹൈപ്പര്‍ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം