വർഷങ്ങൾക്കു മുൻപ് കണ്ട 'ദൃശ്യം ' അല്ല, കുറച്ചുനാൾ മുൻപ് കണ്ട രണ്ടാം ഭാഗത്തെ " ദൃശ്യം ". ജോർജ്ജുകുട്ടി മാത്രമല്ല പ്രേക്ഷകരും ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു. തീയേറ്ററിന്റെ പുറകിലെ ഗേറ്റ് വഴി ചാടിക്കടന്ന്, ആൾ തിരക്കിലൂടെ ഊളിയിട്ട്, മസിൽ പവറിന്റെ ബലത്തിൽ ടിക്കറ്റ് കൗണ്ടറിന് മുൻപിലെത്തിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് അവരൊക്കെ സ്വന്തം വീട്ടിലിരുന്ന് ആമസോണിലൂടെ ജോർജുകുട്ടിയെ ഡൗൺലോഡ് ചെയ്ത് എടുക്കുകയാണ്. ജോർജ്ജ് കുട്ടിയ്ക്കൊപ്പം അവരും വേറെ ലെവലിലാണ്.
കോവിഡ് കാലഘട്ടം ഒറ്റിറ്റി റിലീസുകൾക്ക് വഴിമാറിയതോടെ, പല പുതിയ സിനിമകളുടേയും റിലീസ് തന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ മുതലായ പ്ലാറ്റ്ഫോമുകളിലൂടെ ഇപ്പോൾ ഓൺലൈൻ പ്രീമിയറുകളിലേക്ക് വഴിമാറുകയാണ്.
ഇവിടെയാണ് ഹോം തിയേറ്ററുകളുടെ പ്രസക്തി. ഒരു അത്യന്താധുനിക തീയറ്റർ സംവിധാനത്തിന് നൽകുവാൻ കഴിയുന്ന എല്ലാ സുഖസൗകര്യങ്ങളും സ്വന്തം വീട്ടിൽ അനുഭവവേദ്യമാക്കുവാൻ പരിചയസമ്പന്നരായ ഒരു നല്ല ഹോം തിയറ്റർ നിർമ്മാതാക്കൾക്ക് സാധിക്കും. പലരും അവരുടെ വീടുകളിൽ ഹോം തിയേറ്ററിന് വേണ്ടി മാത്രമായി ഒരു മുറി സജ്ജീകരിയ്ക്കുന്ന പ്രവണതയും വർധിക്കുകയാണ്. അതുകൊണ്ടുതന്നെ, പ്രേക്ഷകർക്ക് അവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ അതിന്റെ പൂർണ്ണ ദൃശ്യ നിലവാരത്തിൽ വീട്ടിലിരുന്നു തന്നെ ആസ്വദിക്കാനും ഇപ്പോൾ സാധിക്കും.
ഹോം തീയേറ്റർ സംവിധാനത്തെക്കുറിച്ച് വീടുകൾ നിർമ്മിക്കുന്ന വേളയിൽത്തന്നെ ആളുകൾ ചിന്തിച്ചു തുടങ്ങുന്നു എന്നതാണ് പുതിയ ട്രെൻഡ് എന്ന് ഏരീസ് ഹോംപ്ലെക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുകേഷ് എം നായർ പറയുന്നു.
" ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചിലവ് വരുന്ന ഒരു നല്ല ഹോം തിയേറ്ററിന്, കാര്യമായ മെയിന്റനൻസുകൾ ഇല്ലാതെ തന്നെ അമ്പതോ അറുപതോ വർഷക്കാലം വരെ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനാവും. അത്തരത്തിൽ അറുപത് വർഷക്കാലം നീണ്ടുനിൽക്കുന്ന ഒരു ഇൻവെസ്റ്റ്മെന്റിന് പ്രതിദിനാടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ കേവലം ഇരുപത് രൂപ മാത്രമേ ആവുകയുള്ളൂ. നാലു പേർ അടങ്ങുന്ന ഒരു കുടുംബം തിയേറ്ററിൽ പോയി സിനിമ കണ്ടു മടങ്ങിയാൽ, യാത്ര ചെലവും ഭക്ഷണച്ചിലവും അടക്കം ഒരു ആയിരത്തി അഞ്ഞൂറ് രൂപയെങ്കിലും ആവുന്നിടത്താണ് ഈയൊരു നിസ്സാര തുകയ്ക്ക് ഒരു കുടുംബത്തിന് വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാൻ സാധിക്കുന്നത് " . മുകേഷ് പറഞ്ഞു.
തിരുവനന്തപുരത്തെ അത്യന്താധുനിക മൾട്ടിപ്ളക്സ് തിയേറ്റർ ആയ ' ഏരീസ് പ്ലക്സി' ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഏരീസ് ഹോം പ്ലക്സ്. ബാഹുബലി എന്ന ചിത്രത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച തീയേറ്റർ ആണ് ഏരീസ് പ്ലെക്സ്. ഈ തീയേറ്ററിൽ ലഭിക്കുന്ന അതേ ദൃശ്യാനുഭവം ആധുനിക സാങ്കേതിക ഉപകരണങ്ങളിലൂടെ ' ഹോം പ്ലെക്സിനും ' ലഭ്യമാക്കുന്നു എന്നതാണ് ഹോം പ്ലെക്സ് നിർമ്മാതാക്കളുടെ ഏറ്റവും വലിയ പ്രത്യേകത.
പുതു തലമുറ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ 'ഹോംപ്ലെക്സ്', ഗാർഹിക ഉപയോക്താക്കൾ, ഓഫീസുകൾ, ക്ലബ്ബുകൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആവശ്യമുള്ള സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നൂറ്റമ്പത് അടിമുതൽ ഏതു വിസ്തീർണത്തിൽ ഉള്ള ഏത് സ്വകാര്യ മുറിയേയും വളരെ മനോഹരമായ ഒരു തീയേറ്റർ ആക്കി മാറ്റുവാൻ ഇതിലൂടെ സാധിക്കും. ഉന്നത സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതവും ആഡംബര സുഖാനുഭൂതി നൽകുന്നതുമായ ഇന്റീരിയറുകൾ, വീട്ടിലെ സ്വകാര്യ മുറിയെ ഒരു മൾട്ടിപ്ലക്സിന് സമാനമാക്കി തീർക്കും.
ഡോൾബി അറ്റ്മോസ് സൗണ്ട്, തീയേറ്റർ സ്‌ക്രീനിന്റെ അതേ ശ്രേണിയിലുള്ള സ്ക്രീൻ , 2K/4K/HD പ്രൊജക്ഷൻ, പുഷ് റീക്ലെയിനിംഗും കപ്പ് ഹോൾഡറുമുള്ള സീറ്റുകൾ, സൗണ്ട് പ്രൂഫ് കാർപ്പെറ്റുകൾ അടക്കമുള്ള 360 ഡിഗ്രി ശബ്ദസംവിധാനം, ഓട്ടോമേറ്റഡ് കൺസോളുകളും ഫ്ലോർ ലൈറ്റിങ്ങും, DTH വഴിയുള്ള വീഡിയോകൾ പ്ളേ ചെയ്യാനുള്ള സൗകര്യം എന്നിവയ്ക്കൊക്കെ പുറമേ, എക്സ്റ്റേണൽ സ്റ്റോറേജിനും സാറ്റലൈറ്റ് അപ്പ് ലിങ്ക് /ഡൗൺ ലിങ്കിങ്ങിനുമുള്ള ഉപകരണങ്ങളും ഹോംപ്ലക്സിന്റെ പ്രത്യേകതകളാണ്. അക്വാസ്റ്റിക്സ് ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും അടക്കം അഞ്ചു ലക്ഷം രൂപയാണ് ഒരു നല്ല ഹോം തിയേറ്ററിന്റെ ഏകദേശ ചിലവ്. എന്നാൽ ഉപകരണങ്ങൾ മാത്രം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് രണ്ടര ലക്ഷം രൂപയ്ക്കും ഒരു ഹോം തിയേറ്റർ ഒരുക്കി കൊടുക്കാൻ കഴിയും.
ഏരീസ് ഹോം പ്ളെക്സിന്റെ മറ്റൊരു പ്രത്യേകത, അത് കുട്ടികളുടെ ഓൺലൈൻ പഠന രീതികളിൽ സൃഷ്ടിക്കുന്ന വിപ്ലവകരമായ നേട്ടങ്ങളാണ്.
'എഡ്യുക്കേഷണൽ 3D തീയേറ്റർ ' എന്ന നിലയിൽക്കൂടി ഉപയോഗപ്പെടുത്താൻ പാകത്തിൽ നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ,
സെമിനാറുകൾ, വീഡിയോ പ്രസന്റേഷനുകൾ, കോൺഫറൻസുകൾ, ഓൺലൈൻ ക്ലാസുകൾ, 3D-i എഡ്യുക്കേഷൻ , അനിമാറ്റിക് കണ്ടന്റുകൾ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പകർന്നു കൊടുക്കുകയോ അവരിൽ നിന്നു പഠിക്കുകയോ ചെയ്യുവാനും ഇതിൽ നിന്നു സാധിക്കും. വിനോദ ഉപാധി എന്നതിലുപരി ഓൺലൈൻ ബിസിനസ്സുകൾ, ഓൺലൈൻ ട്യൂഷനുകൾ എന്നിവയ്ക്കും ഇത് വളരെയേറെ സഹായകമാണ്.
പൊതുഇടങ്ങളിലെ വിനോദോപാധികൾക്ക് കടുത്ത നിയന്ത്രണം ഉള്ള ഈ കാലഘട്ടത്തിലും, പഠനം മുതൽ വിനോദം വരെയുള്ള മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും പരമാവധി നിറവേറ്റാനുള്ള ഒരു മികച്ച മാർഗ്ഗം എന്ന നിലയിൽ കൂടിയാണ് ഏരീസ് ഗ്രൂപ്പിന്റെ ഈ പുതിയ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.