കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ഖാനും രാജ്കുമാര്‍ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന 'ഡങ്കി'യുടെ ടീസര്‍ പുറത്തിറക്കി. ഷാരൂഖ് ഖാന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയത്. വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറി പാര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഡോങ്കി ഫ്ളൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ അനധികൃത കുടിയേറ്റം യുകെ, യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിലേക്കാണ് പ്രധാനമായും നടക്കാറുള്ളത്.
ജാവേദ് അക്തര്‍ രചിച്ച് സോനു നിഗം ആലപിച്ച ബാഡി ദൂരെ ആയേന്‍ എന്ന ഗാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വിജനമായ ഒരു സ്ഥലത്തിലൂടെ നായകനും കുറച്ച് ആളുകളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ടീസറിലെ ആദ്യ ദൃശ്യങ്ങള്‍.
തങ്ങളുടെ സ്വപ്നവും ആഗ്രഹങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആളുകളുടെ കഥയാണ് ഇത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒപ്പം കുടുംബ ബന്ധത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ചിത്രം കൂടിയാണ് ഡങ്കി.ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.നിങ്ങള്‍ എല്ലാവരും എന്നോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' ടീസര്‍ പങ്കുവയ്ക്കുന്നതോടൊപ്പം ഷാരൂഖ് ഖാന്‍ കുറിച്ചു. ചിത്രം അടുത്ത മാസം 22ന് തിയേറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്കുമാര്‍ ഹിരാനി - ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഡങ്കി. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. തപ്സി പന്നു, ബൊമന്‍ ഇറാനി, വിക്കി കൗശല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഷാരൂഖ് ഖാന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. താരത്തിനോടൊപ്പം തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര അഭിനയിച്ച ജവാന്‍ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു.