മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ജോണ്‍ പോള്‍. മലയാളികളുടെ മനസില്‍ ഗപ്പി, അമ്പിളി തുടങ്ങിയ ചിത്രങ്ങളിലൂടെ കടന്നു കൂടിയ താരം. എന്നാൽ ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ജോണ്‍പോള്‍ മനസ് തുറക്കുകയാണ്.
ജോള്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ,
അമ്പിളിയിലെ ആരാധികേ. എന്ന പാട്ടൊരുക്കുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നില്ല. വിനായക് ശശികുമാര്‍ എഴുതിയ ഓരോ വാക്കിലും പ്രണയം തൂവുന്നു. അതിന്റെ ചിത്രീകരണം എങ്ങനെയാകണമെന്ന ആലോചനയിലായിരുന്നു ഞാന്‍. കട്ടപ്പനയിലെ വഴികള്‍, എലത്തോട്ടം പുലര്‍കാല മഞ്ഞ് പായല്‍ പിടിച്ചു കല്‍പടവുകള്‍ ഇളകിയ വീട്ടിലേക്കു ക്യാമറ കയറുമ്പോള്‍ കാറ്റിലാടുന്ന ചെമ്പനീര്‍പ്പൂവുകള്‍ മനസ്സില്‍ വിഷ്വലുകള്‍ തളിരിട്ടു. സത്യം പറഞ്ഞാല്‍ ഞാനന്നു സിനിമയുടെ വേവലിലായിരുന്നു. ഗപ്പി എന്ന സിനിമയ്ക്കു ശേഷം അമ്പിളി എന്ന രണ്ടാമത്തെ ചിത്രം എന്താകുമോ എന്ന ആശങ്കയായിരുന്നു എനിക്ക്. സത്യത്തില്‍ പ്രണയിക്കേണ്ട സമയത്തൊക്കെ ഇത്തരം വേവലാതികള്‍ എന്നെ കീഴടക്കിയിരുന്നു.
പിരിയുന്നൊരെന്റെ ജീവനില്‍ കിനാവു തന്ന കണ്‍മണീ, നീയില്ലെങ്കില്‍ എന്നിലെ പ്രകാശമില്ലിനി എന്നു മൂളിയാണ് അമ്പിളിയുടെ ഷൂട്ടിങ് സമയത്തു ഞാന്‍ കാറോടിച്ചിരുന്നത്. പാട്ട് റിക്കോര്‍ഡ് ചെയ്തു കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ഞാന്‍ സംഗീതസംവിധായകന്‍ വിഷ്ണുവിനെ വിളിച്ചു. സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ഞങ്ങള്‍ സതീര്‍ഥ്യരാണ്. ഒരുമിച്ചു സിനിമ സ്വപ്നം കണ്ടവര്‍. ആ പാട്ട് ഒരുപാടു കാമുകഹൃദയങ്ങള്‍ ഏറ്റുവാങ്ങിയെന്നത് ആഹ്ലാദകരം.
എന്റെ ജീവിതവും വാലന്റൈന്‍സ് ഡേയുമായി അപൂര്‍വമായൊരു ബന്ധമുണ്ട്. അന്നാണ് എന്റെ ജന്മദിനം. അന്നമ്മയെ ഞാനാദ്യം കാണുന്നത് എറണാകുളത്ത് ഒരു ചടങ്ങിലാണ്. എല്ലാവരോടും എന്നപോലെ അവള്‍ എന്നോടും സംസാരിച്ചു. എന്റെ രണ്ടു സിനിമകളെക്കുറിച്ചും അവള്‍ ഇഷ്ടത്തോടെ സംസാരിച്ചു. മടങ്ങിപ്പോരുമ്പോള്‍ ആരാധിക വീണ്ടും മനസ്സില്‍ക്കയറി. അന്നമ്മയുടെ നമ്പര്‍ ചോദിക്കാനൊരു ചമ്മല്‍. ഇന്‍സ്റ്റയിലെ പല അന്നമ്മമാര്‍ക്കിടയില്‍ നിന്ന് ഞാന്‍ ആ അങ്കമാലിക്കാരിയെ കണ്ടെത്തി മെസേജ് അയച്ചു. രണ്ടു ദിവസം മറുപടിയൊന്നും വന്നില്ല. ഇന്‍സ്റ്റന്റ് മറുപടി കാത്ത ഞാന്‍ നിരാശനായി. മൂന്നാം ദിവസം അന്നമ്മ മറുപടി തന്നു. എന്റെ വീട്ടിലപ്പോള്‍ തകൃതിയായ കല്യാണാലോചനകള്‍ നടക്കുന്ന സമയം. നീ സിനിമയില്‍ എത്രയോ നല്ല പിള്ളേരെക്കാണുന്നു. ആരെയെങ്കിലും വിളിച്ചോണ്ടു പോരെടാ എന്നു വരെ കട്ട സപ്പോര്‍ട്ടാണ് അമ്മ. അന്നമ്മയോടു വളച്ചുകെട്ടില്ലാതെ വണ്‍ലൈന്‍ പറഞ്ഞു: ഇഷ്ടമാണ്. ഉടനെ കെട്ടണം. വീട്ടില്‍ വന്നു പെണ്ണു ചോദിക്കാം.
അന്നമ്മ കൊച്ചിക്കു വന്നു. ഗലീറ്റോസിലോ കഫെ കോഫിഡേയിലോ കാണാമെന്നല്ല അവള്‍ പറഞ്ഞത്. കലൂര്‍ സെന്റ് ആന്റണീസ് പള്ളിലോട്ടു വാ.. അവിടെ ചാരുബെഞ്ചിലിരുന്നു പ്രണയം പറഞ്ഞു. അമ്മയെ കൂട്ടി വീട്ടിലും പോയി. ഒരു വര്‍ഷത്തെ കാത്തിരിപ്പില്‍ പ്രണയം തുളുമ്പി. കോവിഡ് കാലത്തു ചെന്നൈയിലായിരുന്നു വിവാഹം. ചെന്നൈ നഗരം എനിക്കും അന്നമ്മയ്ക്കും ഒരുപാടു പ്രിയപ്പെട്ടതാണ്. സിനിമ സ്വപ്നംകണ്ട് എല്ലാവരും കൊച്ചിയില്‍ കറങ്ങിയപ്പോള്‍ ഞാന്‍ ചെന്നൈയിലാണു സിനിമാക്കാരനായി വളര്‍ന്നത്. അന്നമ്മയും ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ഗൗതംമേനോന്റെ നഗരം, വിണ്ണെത്താണ്ടി വരുവായയിലെ ജെസിയുടെ നഗരം എന്ന കാല്‍പനികതകളെല്ലാം വിടുക, എനിക്ക് അത്ര ഇഷ്ടമാണീ നഗരം. അത്ര ഇഷ്ടമാണീ അന്നമ്മയെ കഴിഞ്ഞപിറന്നാളിന് അവള്‍ തന്ന സമ്മാനങ്ങള്‍ക്കൊപ്പം ഈ പിറന്നാളിന് അവളുമുണ്ട് എനിക്കരികില്‍ സമ്മാനമായി!