മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകന്മാരിൽ ഇന്നും ഇടം നേടിയ ആളാണ് സംവിധായകൻ സിദ്ധിഖ്. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹത്തിന്റെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരമിപ്പോൾ താന്‍ കഥ കേട്ട സൂപ്പര്‍ഹിറ്റ് സിനിമകളെ കുറിച്ചുളള അനുഭവങ്ങള്‍ തുറന്ന് പറയുകയാണ്. തന്നോട് പറഞ്ഞ കഥകള്‍ പിന്നീട് സിനിമയാക്കിയപ്പോള്‍ മെഗാഹിറ്റായി മാറിയ അനുഭവം ഇപ്പോൾ സിദ്ധിഖ് വെളിപ്പെടുത്തുകയാണ്.
എന്റെയടുത്ത് കഥകള്‍ പറയാന്‍ ഒരുപാട് പേര്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ കുറെ കഥകള്‍ കേള്‍ക്കും. അതിലെ തെറ്റുകള്‍ ഞാന്‍ പറയാറുണ്ട്. ഞാന്‍ പുറത്തുനിന്ന് കഥകള്‍ അങ്ങനെ എടുക്കാത്തത് കൊണ്ട് ആ പരിപാടി നിര്‍ത്തി.. നല്ല ഒരുപാട് കഥകള്‍ പലരും പറഞ്ഞിട്ടുണ്ട്. നല്ലതാണെങ്കില്‍ എനിക്ക് അറിയാവുന്നവരോട് ഞാന്‍ അത് പറയും.
മീശമാധവന്‍ എന്ന സിനിമയുടെ കഥ ലാല്‍ജോസ് എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അന്ന് അത് ഒരു പ്രമുഖ അവതരണ കമ്പനിയോട് ആ സിനിമ ഏറ്റെടുക്കാന്‍ പറഞ്ഞു. പക്ഷേ അവര്‍ അത് ചെയ്തില്ല. പിന്നീട് സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ അവര്‍ക്കത് വലിയ നഷ്ടബോധമായിരുന്നു. അത് പോലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയുടെ കഥയും ഞാന്‍ കേട്ടിരുന്നു.
ഇത് ശ്രീനിയെകൊണ്ട് എഴുതിക്കണമെന്ന് ഞാന്‍ റോഷനോട് പറഞ്ഞു. ശ്രീനി എഴുതാമെന്ന് ഏല്‍ക്കണമെങ്കില്‍ ചില കാര്യങ്ങളുണ്ട്. ആ രീതിയില്‍ നീങ്ങിയാല്‍ ശ്രീനി ഇത് എഴുതുമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. പിന്നീട് റോഷന്‍ എന്നെ വിളിച്ചുപറഞ്ഞത് 'ശ്രീനി സാര്‍ എഴുതാമെന്ന് സമ്മതിച്ചു' എന്നാണ്. ഇനി ഒന്നും നോക്കണ്ട, ഗംഭീരമായി സംവിധാനം ചെയ്‌തോളൂ, സിനിമ സൂപ്പര്‍ഹിറ്റായിരിക്കുമെന്ന ആത്മവിശ്വാസം റോഷന് ഞാനും പകര്‍ന്നുനല്‍കി.